ആലപ്പുഴ
കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന കിയോസ്‌കിന്റെയും മാർക്കറ്റിങ് ഔട്ട്‌ലെറ്റിന്റെയും ഓരോ യൂണിറ്റുകൂടി ജില്ലയിൽ ആരംഭിച്ചു. ചുനക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ മാർക്കറ്റിങ് ഔട്ട്‌ലെറ്റും വള്ളികുന്നത്ത് കിയോസ്‌കിന്റെയും ഉദ്‌ഘാടനം നടത്തിയതോടെ ജില്ലയിൽ 13 കിയോസ്‌കും ഏഴ് മാർക്കറ്റിങ് ഔട്‌ലെറ്റുമായി.
സൂക്ഷ്‌മസംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭമാക്കുക, ഉൽപ്പാദനശേഷിയും നിലവാരവും ഉയർത്തുക, കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് മാർക്കറ്റിങ് കിയോസ്‌ക്. രണ്ടുപേർ ചേർന്നാണ് കിയോസ്‌ക് നടത്തുക.
പ്രാദേശിക കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിൽക്കാൻ ബ്ലോക്ക്/യുഎൽബി തലത്തിൽ നടത്തുന്ന സ്ഥിരംവിപണന കേന്ദ്രങ്ങളാണ് കുടുംബശ്രീ ഔട്ട്‌ലെറ്റുകൾ. സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രാദേശികമായി വിൽക്കാൻ അവസരമൊരുക്കുക, ഏകീകൃത മാതൃകയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുകവഴി കുടുംബശ്രീ ബ്രാൻഡ് ജനപ്രിയമാക്കുക, സംരംഭകർക്ക് സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പാക്കുക എന്നിവയാണ് പ്രധാനലക്ഷ്യങ്ങൾ. മൂന്നുപേർവരെ ചേർന്നാണ് ഔട്ട്‌ലെറ്റ് നടത്തുക.
ജില്ലയിൽ പുലിയൂർ, കോടംതുരുത്ത് തുടങ്ങി വിവിധയിടങ്ങളിലെ ഔട്ട്‌ലെറ്റുകൾ മാസം 30,000 രൂപയ്‌ക്ക് മുകളിൽ വരുമാനം നേടുന്നുണ്ട്.
ചുനക്കര പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ മാർക്കറ്റിങ് ഔട്ട്‌ലെറ്റും വള്ളികുന്നം തോപ്പിൽഭാസി മെമ്മോറിയൽ ആശുപത്രിയിലെ ജില്ലാ മിഷന്റെ മാർക്കറ്റിങ് കിയോസ്‌കും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു.
ചുനക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ അധ്യക്ഷനായി. മിഷൻ കോ–-ഓർഡിനേറ്റർ എസ് രഞ്‌ജിത്ത് പദ്ധതി വിശദീകരിച്ചു. വള്ളികുന്നത്ത് പഞ്ചായത്ത് പ്രസിഡന്റ് ഡി രോഹിണി അധ്യക്ഷയായി. എസ് രഞ്‌ജിത്ത് മുഖ്യപ്രഭാഷണം നടത്തി.
വൈസ്‌പ്രസിഡന്റ് എൻ മോഹൻകുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ജെ രവീന്ദ്രനാഥ്, പി ത്രിദീപ്‌കുമാർ, കോമളൻ, ബിജി പ്രസാദ്, ഉഷ പുഷ്‌കരൻ, വിജയലക്ഷ്‌മി, ഷീജ സുരേഷ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ മിഷനും നോർക്കയും ചേർന്ന് നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതി "പേൾ' പ്രകാരമുള്ള സംരംഭക യൂണിറ്റ് പ്രൊഫഷണൽ ഇന്റീരിയേഴ്സാണ് മാർക്കറ്റിങ് ഔട്ട്‌ലെറ്റ് നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..