അമ്പലപ്പുഴ
കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പുറക്കാട് പഞ്ചായത്ത് മൂന്നാംവാർഡ് കരൂർ ഐവാട്ട്‌ശേരി ജയചന്ദ്രനെയാണ് (53) വ്യാഴാഴ്‌ച കസ്റ്റഡിയില്‍ വാങ്ങിയത്. വൻ പൊലീസ് കാവലിലാണ് തെളിവെടുപ്പ് നടന്നത്. സ്‌ത്രീകളുടെ വലിയ പ്രതിഷേധത്തിനിടെയാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസായിരുന്നു കേസെടുത്തത്.
കൊല നടത്താൻ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് പൊലീസിന് തുടക്കത്തിൽ തെളിവായി ലഭിച്ചത്. തുടരന്വേഷണത്തിനായി കേസ് കഴിഞ്ഞ ദിവസം അമ്പലപ്പുഴ പൊലീസിന് കൈമാറിയിരുന്നു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യംചെയ്യാനും മതിയായ തെളിവുകള്‍ ശേഖരിക്കാനുമാണ് കസ്റ്റഡിയിൽ വാങ്ങിയത്. കൃത്യം നടന്ന സമയം പ്രതി ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങളും ജയലക്ഷ്‌മിയുടെ വസ്‌ത്രങ്ങളും പനക്കൽ പാലത്തിന് താഴെനിന്ന് പൊലീസ് സംഘം കണ്ടെത്തി.
കൊലപ്പെടുത്തിയശേഷം വിജയലക്ഷ്‌മിയെ വലിച്ചിഴച്ച് സമീപത്തെ പുരയിടത്തിൽ എത്തിച്ച കയർ, കുഴിയെടുത്ത് മൃതദേഹം മറവുചെയ്യാനുപയോഗിച്ച മൺവെട്ടി, രക്തക്കറകൾ കഴുകിത്തുടച്ച ലോഷൻ, മോപ്പ് എന്നിവയും കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയ ദിവസം സമീപത്തെ വീട്ടിലെ ശുചിമുറിയിൽ കത്തിച്ചനിലയിൽ കണ്ടെത്തിയവ തറയിൽ വീണ രക്തം തുടക്കാൻ ഉപയോഗിച്ച ചാക്ക്, ഷീറ്റ് എന്നിവയാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഫോറൻസിക് വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു.വിജയലക്ഷ്‌മി അണിഞ്ഞിരുന്ന 4.5 പവനോളം സ്വർണാഭരണങ്ങൾ കണ്ടെത്താനായില്ല. ഇത് ആലപ്പുഴയിലെ ജ്വല്ലറിയിൽ ജയചന്ദ്രൻ വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവ ശനിയാഴ്‌ച കണ്ടെത്തുമെന്ന് സിഐ എം പ്രതീഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..