ആലപ്പുഴ
ആലപ്പുഴ–- അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും നഗരഹൃദയത്തിലുള്ളതുമായ ജില്ലാക്കോടതിപാലം നിർമാണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. ബോട്ട് ജെട്ടി റോഡിൽ പഴയ കോടതിപ്പാലത്തിന് സമീപത്തെ നഗരസഭാ ശുചിമുറി ബുധനാഴ്‌ച യന്ത്രംഘടിപ്പിച്ച മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചുനീക്കി. കോടതിപ്പാലത്തോട് ചേർന്ന് ഇരുമ്പുപയോഗിച്ച് നിർമിച്ചിരുന്ന പാലവും പൊളിച്ചു. ഇതോടെ നഗരസഭയുടെ ഉത്തരവാദിത്വത്തിൽ പൊളിച്ചുമാറ്റേണ്ടവയിൽ 90ശതമാനവും പൂർത്തിയായി.
നിർമാണപ്രവൃത്തികളുടെ ഭാഗമായി ബോട്ട് ജെട്ടിയും പൊലീസ് എയിഡ് പോസ്റ്റും കടകളുമടക്കം നിർമാണക്കമ്പനിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കും. ബോട്ട് ജെട്ടി പൊളിക്കുന്നതിന് മുന്നോടിയായി നിർമിക്കുന്ന താൽക്കാലിക ജെട്ടിക്കായുള്ള പൈലിങ് സർവേ നടക്കുകയാണ്. നവംബർ നാലിന് താൽക്കാലിക ബോട്ട് ജെട്ടിയിലും എസ്‌ഡിവി സ്‌കൂളിനോട് ചേർന്നും പൈലിങ് പ്രവൃത്തികൾ തുടങ്ങിയേക്കും. ഗതാഗത നിയന്ത്രണത്തിനുള്ള പ്ലാനുകൾ തയ്യാറായിട്ടുണ്ട്.
കിഫ്ബിയിൽനിന്ന് സർക്കാർ 120.52 കോടി രൂപയാണ് ആകെ അനുവദിച്ചത്. ഇതിൽ 98.9 കോടി നിർമാണ പ്രവൃത്തികൾക്കാണ്. അടിപ്പാതയും ആകാശപ്പാതയും വരുന്ന രൂപത്തിലാണ് നിർമാണം. വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്ഡിവി ഗ്രൗണ്ടിന് സമീപത്തുനിന്നും തെക്കേക്കരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽനിന്നും ഫ്ലൈ ഓവറും അടിപ്പാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കുന്ന തരത്തിലാണ് പുതിയ മേൽപ്പാലം ഒരുങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..