23 December Monday

ആലപ്പുഴയെ വിജ്ഞാന 
സമൂഹമാക്കാൻ കുടുംബശ്രീ

സ്വന്തം ലേഖികUpdated: Thursday Oct 31, 2024

 

ആലപ്പുഴ 
നൈപുണ്യവികസനത്തിലൂടെ തൊഴിലന്വേഷകർക്ക്‌ തൊഴിൽ നൽകി ആലപ്പുഴയെ വിജ്ഞാന സമൂഹമാക്കാൻ കുടുംബശ്രീ. കുടുംബശ്രീയും കേരള നോളജ്‌ എക്കണോമി മിഷനും ജില്ലാ പഞ്ചായത്തും ചേർന്ന്‌ നടപ്പാക്കുന്ന ‘വിജ്ഞാന ആലപ്പുഴ’ പദ്ധതിയിലൂടെയാണ്‌ ഈ സാമൂഹിക മാറ്റത്തിന്‌ വഴിയൊരുക്കുന്നത്‌. മുൻമന്ത്രി ടി എം തോമസ്‌ ഐസക്‌ പത്തനംതിട്ട ജില്ലയിൽ ഇത്‌ വിജ്ഞാന പത്തനംതിട്ട എന്ന പേരിൽ വിജയകരമായി നടപ്പാക്കിയിരുന്നു. രണ്ടാംഘട്ടമായാണ്‌ ആലപ്പുഴയിൽ നടപ്പാക്കുന്നത്‌. 
നിലവിൽ കേരള നോളജ്‌ എക്കണോമി മിഷനും കുടുംബശ്രീയും എല്ലാ പഞ്ചായത്തിലും കമ്യൂണിറ്റി അംബാസിഡർമാരെ നിയമിച്ചിട്ടുണ്ട്‌. ഇവർ അതത്‌ പഞ്ചായത്തുകളിൽ അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകരെ കണ്ടെത്തി ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റത്തിൽ രജിസ്‌റ്റർചെയ്യിക്കും. തൊഴിലില്ലാത്ത യുവജനങ്ങൾക്ക്‌ വ്യക്തിത്വ വികസന ക്ലാസുകൾ, കരിയർ ഗൈഡൻസ്‌, ഇംഗ്ലീഷ് സ്‌കോർ ടെസ്‌റ്റ്‌ (ഭാഷയിൽ പ്രാവീണ്യം), വർക്ക് റെഡിനെസ്‌ പ്രോഗ്രാം (അഭിമുഖത്തിന്‌ വേണ്ട തയ്യാറെടുപ്പുകൾ), റോബോട്ടിക്‌ അഭിമുഖം എന്നീ അഞ്ച്‌  സേവനങ്ങൾ പോർട്ടൽ വഴി ലഭ്യമാക്കും. 
ബ്ലോക്ക്‌തലത്തിൽ ജോബ്‌ സ്‌റ്റേഷനുകൾവഴി തൊഴിലന്വേഷകരെ കണ്ടെത്തി ആർക്കൊക്കെയാണ്‌ ഉടൻ തൊഴിൽ വേണ്ടതെന്ന്‌ കണ്ടെത്തി നൈപുണ്യ വികസന ക്ലാസുകൾ നൽകും. കുടുംബശ്രീയുടെ തൊഴിൽമേളകളിൽ പങ്കെടുപ്പിക്കും. വിദ്യാഭ്യാസയോഗ്യതയുള്ള ഒരാൾപോലും തൊഴിലില്ലാതെ വീടകങ്ങളിൽ കഴിയരുതെന്ന സർക്കാരിന്റെ ലക്ഷ്യമാണ്‌ ഇതിലൂടെ പൂർത്തീകരിക്കുക. 
‘തൊഴിൽതീരം’ പദ്ധതിയിലൂടെ തീരദേശ മത്സ്യബന്ധന തൊഴിലാളി വിഭാഗത്തിലുള്ളവർ, ലൈഫ്‌ ഉപഭോക്തൃ കുടുംബങ്ങളിലെ തൊഴിലന്വേഷകർ,  ഉന്നതി പദ്ധതിയിലൂടെ എസ്‌ടി–-എസ്‌സി വിഭാഗത്തിലുള്ളവർ, സമഗ്ര പദ്ധതിയിലൂടെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ, പ്രൈഡ്‌ പദ്ധതിയിലൂടെ ട്രാൻസ്‌ജെൻഡർ എന്നിങ്ങനെ നാനാതുറകളിലുള്ളവരെ ചേർത്താണ്‌ പദ്ധതി നടപ്പാക്കുക. 
18 മുതൽ 45 വയസ്‌ വരെയുള്ളവർക്ക്‌ പദ്ധതിയിൽ പങ്കാളിയാകാം. രജിസ്‌ട്രേഷൻ ഫീസില്ല. ചെറിയ തുക അടച്ച്‌ പോർട്ടലിലൂടെ നൈപുണ്യ വികസന കോഴ്‌സുകളിൽ ചേരാം. അസാപ്‌, സിഐഎ, ഐസിടി അക്കാദമികളുമായി സഹകരിച്ചാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top