22 November Friday

ചിട്ടി രജിസ്‌ട്രേഷന്‌ ഓൺലൈൻ സംവിധാനം നടപ്പാക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുന്നു

 
മങ്കൊമ്പ്
ചിട്ടി രജിസ്ട്രേഷന്‌ ഓൺലൈൻ സംവിധാനം, ഡിജിറ്റൽ ഓതന്റിഫിക്കേഷൻ, വിവാഹ രജിസ്ട്രേഷനിലെ പുതുക്കിയ നടപടിക്രമങ്ങൾ എന്നിവ അടുത്ത മാസങ്ങളിൽ തന്നെ നടപ്പാക്കുമെന്ന്‌ രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സർക്കാരിന്റെ വരുമാന സ്രോതസ്സുകളിൽ ഏറെ പ്രധാനപ്പെട്ടതാണ് രജിസ്ട്രേഷൻ വകുപ്പ്‌. 5220 കോടിയോളമാണ് കഴിഞ്ഞ വർഷത്തെ വരുമാനമെന്നും മന്ത്രി പറഞ്ഞു.
മുൻ മന്ത്രി ജി സുധാകരൻ ശിലാസ്ഥാപനം നടത്തിയ കെട്ടിടം 2.98 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പൂർത്തീകരിച്ചത്. താഴത്തെ നിലയിൽ ഓഫീസും റെക്കോഡ് റൂമും മുകളിലത്തെ നിലയിൽ ഹാളും ഓഫീസ് മുറിയും റെക്കോഡ് റൂമും ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചത്. കുട്ടനാട് താലൂക്കിലെ രാമങ്കരി, കൈനകരി വടക്ക്, കൈനകരി തെക്ക്, ചമ്പക്കുളം, കാവാലം, കുന്നുമ്മ, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, വെളിയനാട് എന്നീ 11 വില്ലേജുകളാണ് പ്രവർത്തന പരിധിയിൽ വരുന്നത്.
തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജിൻസി ജോളി, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ടി ജി ജലജകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിനു ഐസക് രാജു, എം വി പ്രിയ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം എസ് ശ്രീകാന്ത്‌ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top