23 December Monday

വെള്ളം ഇറങ്ങിയില്ല; ആലുവയിലെ ബലിതർപ്പണം ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ആലുവ
പെരിയാറിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും ബലിതർപ്പണം നടക്കുന്ന മണപ്പുറം കടവിൽനിന്ന്‌ വെള്ളം ഇറങ്ങാത്തത് മൂന്ന്, നാല് തീയതികളിൽ നടക്കുന്ന കർക്കടകവാവ് ബലിതർപ്പണത്തെ ബാധിക്കാനുള്ള സാധ്യത തുടരുന്നു. വെള്ളം ഇറങ്ങിയാലും ചെളിയും മാലിന്യങ്ങളും നീക്കുന്നത് പ്രതിസന്ധിയുണ്ടാക്കും. മണപ്പുറത്തെ ദേവസ്വം ഹാളിനുമുന്നിലെ വാഹന പാർക്കിങ്‌ ഏരിയയിൽ താൽക്കാലിക ബലിത്തറ അനുവദിക്കാനുള്ള ആലോചനയിലാണ് ദേവസ്വം ബോർഡ്.
കർക്കടകവാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾക്കായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, റൂറൽ എസ്‌പി ഡോ. വൈഭവ് സക്‌സേന എന്നിവരടങ്ങുന്ന സംഘം ആലുവ മണപ്പുറം സന്ദർശിച്ചു. മണപ്പുറത്തുനിന്ന്‌ വെള്ളം പൂർണമായി ഇറങ്ങാത്ത സാഹചര്യത്തിലാണ് സന്ദർശനം.
പെരിയാറിൽ ചൊവ്വ ഉച്ചയോടെ 4.10 മീറ്റർവരെ ഉയർന്ന ജലനിരപ്പ് ബുധൻ വൈകീട്ട്‌ രണ്ട് മീറ്ററായി കുറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയവർ സ്വന്തം വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി. പെരിയാറിലെ ചെളിയുടെ അളവും കുറഞ്ഞു. ചൊവ്വ 100 എൻടിയു ഉണ്ടായിരുന്ന ചെളിയുടെ അളവ് ബുധൻ വൈകിട്ട് 30 എൻടിയു ആയി കുറഞ്ഞു. മണപ്പുറത്ത്  അടിഞ്ഞ ചെളിയും മാലിന്യവും മാറ്റുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ശിവൻ മുപ്പത്തടത്തിന്റെ ‘എന്റെ മക്കളെ’ എന്ന കവിത ആലേഖനം ചെയ്ത മുപ്പത്തടം ബാലചന്ദ്രൻ നിർമിച്ച് മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ‘അമ്മ’ ശിൽപ്പം കഴിഞ്ഞദിവസത്തെ വെള്ളപ്പൊക്കത്തിൽ ഒടിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top