22 December Sunday

ജനവാസകേന്ദ്രത്തിൽ ആക്രിസംഭരണം; നാട്ടുകാർ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


കളമശേരി
നഗരസഭ 22–--ാംവാർഡിൽ ജനവാസകേന്ദ്രത്തിൽ അനധികൃതമായി ആക്രിസംഭരണകേന്ദ്രവും തൊഴിലാളികളുടെ ക്യാമ്പും സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ പരാതി നൽകി. പ്രദേശവാസിയായ ഷഹീദ് കാരുവള്ളിയുടെ സ്ഥലത്താണ്‌ ക്യാമ്പ് സ്ഥാപിക്കുന്നത്‌. കുടിവെള്ളമൊ അടിസ്ഥാനസൗകര്യമൊ ഒരുക്കാതെയും നിയമാനുസൃത നടപടികൾ പാലിക്കാതെയുമാണ് ഇരുമ്പുഷീറ്റുകൊണ്ട് നൂറോളം തൊഴിലാളികൾക്ക് താമസിക്കാവുന്ന ഷെഡ് നിർമിച്ചത്.

മുച്ചക്രവാഹനത്തിൽ ആക്രി ശേഖരിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നതെന്ന് പരാതിയിൽ പറഞ്ഞു. രണ്ടു വർഷംമുമ്പും സ്ഥലമുടമ ഇത്തരം കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം നടത്തിയിരുന്നതാണ്. അന്ന് നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് നഗരസഭാ ഉദ്യോഗസ്ഥരും പൊലീസും തടഞ്ഞു. അതിഥിത്തൊഴിലാളികൾക്ക് കുടുംബമായി താമസിക്കാനുള്ള ഷെഡുകളാണ് പണിയുന്നത്. രാത്രിയാണ്‌ നിർമാണം നടക്കുന്നത്‌. ആക്രിസംഭരണം ആരംഭിച്ചാൽ ആവശ്യമില്ലാത്ത സാധനങ്ങൾ വാർഡിലെ പൊതുസ്ഥലത്ത് തള്ളും. രാത്രികാലങ്ങളിൽ കമ്പിയും മറ്റുമെടുക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കും. തുച്ഛവരുമാനക്കാരും വ്യാപകമായി ലഹരി ഉപയോഗിക്കുന്നവരുമാണ് തൊഴിലാളികൾ. നൂറോളംപേർ ഇവിടെ കേന്ദ്രീകരിക്കുന്നത്‌ സ്വൈരജീവിതത്തിന്‌ ഭീഷണിയാകുമെന്നാണ്‌ നാട്ടുകാരുടെ പരാതി.

നിയമാനുസൃതമല്ല
നിയമാനുസൃത നടപടികൾ സ്വീകരിക്കാതെയാണ് അതിഥിത്തൊഴിലാളി ക്യാമ്പ് പണിയുന്നതെന്ന് സ്ഥലം സന്ദർശിച്ച നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ വി വിൻസെന്റ്‌ പറഞ്ഞു. താൽക്കാലിക വൈദ്യുതി കണക്‌ഷൻ എടുത്തിട്ടുണ്ടെന്നും ഏതാനും മുച്ചക്രവാഹനങ്ങളും ആക്രിസാധങ്ങളും അവിടെയുണ്ടെന്നും റിപ്പോർട്ട് സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top