കൊച്ചി
ഉപതെരഞ്ഞെടുപ്പിൽ ചിറ്റാറ്റുകര പഞ്ചായത്തിലെ തോപ്പിൽ വാർഡ് നിലനിർത്തി എൽഡിഎഫ്. വാഴക്കുളം പഞ്ചായത്തിലെ മുടിക്കൽ, ചൂർണിക്കര പഞ്ചായത്തിലെ കൊടികുത്തുമല വാർഡുകൾ യുഡിഎഫ് നിലനിർത്തി. ചിറ്റാറ്റുകരയിൽ എൽഡിഎഫ് സ്ഥാനാർഥി രതി ബാബു 491 വോട്ട് നേടി 18 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യുഡിഎഫിന്റെ കെ ഡി സലിക്ക് ലഭിച്ചത് 473 വോട്ട്. എൻഡിഎയുടെ പി ഡി സജീവന് 37ഉം എസ്‌ഡിപിഐയുടെ എൻ എം അജേഷിന് 279 വോട്ടും ലഭിച്ചു. സിപിഐ എമ്മിലെ എ എ പവിത്രൻ കിഡ്‌നി സംബന്ധമായ അസുഖംമൂലം മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
മുടിക്കൽ വാർഡിൽ ഷുക്കൂർ പാലത്തിങ്കൽ 105 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ആകെ ലഭിച്ച വോട്ട് 676. ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞതവണ വിജയിച്ച സി പി സുബൈറുദീന് 132 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എൽഡിഎഫ് സ്വതന്ത്ര ടി എസ് അംബിക്ക് 571 വോട്ടും എൻഡിഎ സ്ഥാനാർഥി എ കെ അനീഷിന് 119 വോട്ടും ലഭിച്ചു. സി പി സുബൈറുദീൻ അർബുദം ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കൊടികുത്തുമലയിയിൽ എ കെ ഷെമീർ ലാല 123 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഷെമീർ ലാലയ്ക്ക് 638 വോട്ടും എൽഡിഎഫിലെ ടി എ ജലീലിന് 515ഉം ബിജെപിയിലെ എൻ ബി വിനൂബിന് 25 വോട്ടും ലഭിച്ചു. സി പി നൗഷാദ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..