വൈപ്പിൻ
ഗ്രാസ്റൂട്ട് സംഘടനയുടെ നേതൃത്വത്തിൽ കോളേജ്–-സ്കൂൾ വിദ്യാർഥികൾ നായരമ്പലം പുത്തൻകടപ്പുറത്തെ മണൽവാടയിൽ താളിപ്പരത്തിക്കമ്പുകൾ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ആദ്യത്തെ താളിപ്പരത്തിക്കമ്പ് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാസ്റൂട്ട് പ്രസിഡന്റ് കെ ടി ശ്രീരാജ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം സി സി സിജി സംസാരിച്ചു.
കുഫോസ് റിട്ട. ഫാം സൂപ്രണ്ട് കെ കെ രഘുരാജ് തീരമേഖലാ സംരക്ഷണത്തെപ്പറ്റി വിദ്യാർഥികളുമായി സംവദിച്ചു. കണ്ടൽ അനുബന്ധവൃക്ഷമായ താളിപ്പരത്തി മണൽവാടയ്ക്കുമീതെ വേരുപിടിക്കുന്നതോടെ തീരത്തിന് സുരക്ഷ ലഭിക്കും. അതിന്റെ ഇലകളും പൂവുകളും ഒക്കെ മണൽവാടയിൽ വീണടിഞ്ഞ് കണ്ടലിന് വളരാൻ അനുകൂലമായ ഒരു ആവാസവ്യവസ്ഥ ഒരുങ്ങും. അവിടെ വിവിധയിനം കണ്ടൽത്തൈകൾ വച്ചുപിടിപ്പിച്ച് കൂടുതൽ സുശക്തമായ ഒരു ജൈവവേലി ഒരുക്കാൻ കഴിയുമെന്ന് കെ കെ രഘുരാജ് പറഞ്ഞു.
ഓഷ്യൻ നെറ്റ്‌വർക് എക്സ്പ്രസ് എന്ന കമ്പനിയുടെ സഹായത്തോടെ രാജഗിരി ഔട്ട്റീച്ച് മേൽനോട്ടംവഹിക്കുന്ന തീരസംരക്ഷണപരിപാടിയുടെ ഭാഗമായാണ് ഗ്രാസ്റൂട്ട് ഇത് സംഘടിപ്പിച്ചത്. പഞ്ചായത്ത്, വിവിധ എൻഎസ്എസ് യൂണിറ്റ്, എൻകോൺ ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. രാജഗിരി കോളേജ്, എറണാകുളം ഗവ. ലോ കോളേജ്, ഞാറക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ പങ്കെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..