03 October Thursday

കന്നി 20 പെരുന്നാൾ: നേർച്ചസദ്യയ്‌ക്കായി കലവറനിറയ്‌ക്കൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


കോതമംഗലം
കോതമംഗലം മാർതോമ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന് എത്തുന്ന തീർഥാടകർക്ക് നേർച്ചസദ്യയ്ക്കായി കലവറ നിറയ്ക്കൽ നടത്തി. കാർഷികമേഖലയായ കോതമംഗലത്തെയും പരിസരപ്രദേശങ്ങളിലെയും കർഷകർ സമർപ്പിച്ച ആദ്യഫല ശേഖരണവും കാർഷിക വിഭവസമാഹരണവും നടത്തി.

ഇടവകയിലെ അഞ്ച്‌ വാർഡുകളിലെ 28 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലാണ് വിഭവസമാഹരണം നടത്തിയത്. ആന്റണി ജോൺ എംഎൽഎ കലവറനിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.

കോതമംഗലത്ത്‌ 2 ദിവസം ഗതാഗതനിയന്ത്രണം
മാർത്തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ പ്രമാണിച്ച് ബുധൻ പകൽ രണ്ടുമുതൽ വ്യാഴം വൈകിട്ട് നാലുവരെ കോതമംഗലം പട്ടണത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. നേര്യമംഗലം ഭാഗത്തുനിന്ന്‌ വരുന്ന തീർഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന, സെന്റ് ജോർജ് സ്കൂളുകളുടെ ഗ്രൗണ്ടിലും മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എംഎ കോളേജ് ഭാഗത്തും പാർക്ക്‌ ചെയ്യാം. വിവിധ സ്ഥലങ്ങളിൽനിന്ന്‌ വരുന്ന വലിയ വാഹനങ്ങൾ തങ്കളം–-കാക്കനാട്‌ ബൈപാസിൽ പാർക്ക്‌ ചെയ്യാം. മൂവാറ്റുപുഴ ഭാഗത്തുനിന്ന്‌ ഹൈറേഞ്ചിലേക്ക് പോകുന്ന ദീർഘദൂരവാഹനങ്ങൾ പുതുപ്പാടി–വാരപ്പെട്ടി- –-അടിവാട്– ഊന്നുകൽവഴി പോകണം.

മൂന്നാർ, അടിമാലി, വാരപ്പെട്ടി ഭാഗത്തുനിന്ന്‌ വരുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകൾ അരമനപ്പടിയിൽനിന്ന്‌ തിരിഞ്ഞ്‌ മലയിൻകീഴ് ബൈപാസ് വഴിയും ഗ്യാസ് ഗോഡൗൺവഴി സ്വകാര്യ ബസ്‌ സ്റ്റാൻഡിൽ എത്തണം. കുട്ടമ്പുഴ, ഭൂതത്താൻകെട്ട് ഭാഗത്തുനിന്നുള്ള ബസുകൾ ബൈപാസ്, ഗ്യാസ് ഗോഡൗൺ ഭാഗത്തുകൂടി സ്റ്റാൻഡിലെത്തണം. പെരുമ്പാവൂർ ഭാഗത്തുനിന്നുള്ള ബസുകൾ നെല്ലിക്കുഴിയിൽനിന്ന്‌ തിരിഞ്ഞ്‌ ഗ്രീൻവാലി സ്കൂൾവഴി ബൈപാസിൽ എത്തി രാജീവ് ഗാന്ധി റോഡ് വഴി താലൂക്കാശുപത്രിക്കുസമീപം എത്തി സ്റ്റാൻഡിൽ പ്രവേശിക്കണം.

മൂവാറ്റുപുഴയിൽനിന്ന്‌ കോതമംഗലംവരെയുള്ള ബസുകൾ പിഒ ജങ്ഷനിൽ എത്തി സ്റ്റാൻഡിൽ പ്രവേശിച്ച്‌ തിരികെ തങ്കളം ലോറി സ്റ്റാൻഡ്, പുതിയ ബൈപാസ് വഴി കല ഓഡിറ്റോറിയത്തിനുസമീപമെത്തി മടങ്ങണം. പോസ്റ്റ് ഓഫീസ് ജങ്‌ഷൻമുതൽ കോഴിപ്പിള്ളിവരെ പാർക്കിങ്‌ അനുവദിക്കില്ല.  ബൈപാസുകളിൽ സ്ഥിരമായി പാർക്ക് ചെയ്തിടുന്ന വാഹനങ്ങൾ നീക്കണമെന്നും കോതമംഗലം പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top