23 November Saturday

ചീരയാണെൻ ആരോഗ്യം ; ഇന്ന്‌ ലോക സസ്യാഹാര ദിനം

എം എ നയനാർUpdated: Tuesday Oct 1, 2024

ചിറ്റേത്തുകര കണ്ണങ്കരി കോളനിയിലെ പൊയ്സാഗ് ചീര കൃഷിയിടത്തിൽ 
റെജിമോനും സഫീഖുലും


തൃക്കാക്കര
അതിഥിയായെത്തി നാടിന്‌ ആരോഗ്യം വിളമ്പുകയാണ്‌ കാക്കനാട് ചിറ്റേത്തുകര കണ്ണങ്കേരി കോളനിയിലെ സഫീഖുൽ. ബംഗാളിൽനിന്ന്‌ ജോലി തേടിയെത്തിയ സഫീഖുൽ ഒപ്പം കൊണ്ടുവന്ന പൊയ്സാഗ് എന്ന ചീര ഇനത്തിൽപ്പെട്ട സസ്യത്തിന്‌ ലോക സസ്യാഹാര ദിനത്തിൽ പ്രാധാന്യമേറുകയാണ്‌.

നാട്ടിലെ ചീരയിൽനിന്ന്‌ വ്യത്യസ്തമായി പടർന്ന് പന്തലിക്കുന്ന ഇനമാണ്‌ പൊയ്സാഗ്. ഉരുളക്കിഴങ്ങ്, പരിപ്പ് എന്നിവചേർത്ത് പാചകം ചെയ്താണ് കഴിക്കുന്നത്. ഊര്‍ജവും പ്രതിരോധശേഷിയും വർധിപ്പിക്കും. ചീരയിൽ അടങ്ങിയ ബീറ്റ കരോട്ടിന്‍, വിറ്റമിന്‍ സി എന്നിവ ശരീരത്തിന് പ്രധാനമാണ്‌. നിരവധി പോഷകഘടകങ്ങള്‍, നാരുകള്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്‌രോഗം, പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും സഹായിക്കും.

കണ്ണങ്കേരി കോളനിയിൽ വാടകയ്ക്ക്‌ താമസിക്കുന്ന സഫീഖുൽ കഴിഞ്ഞവർഷം നാട്ടിൽപ്പോയി വന്നപ്പോൾ പൊയ്സാഗ് കൊണ്ടുവന്നു. സഫീഖുൽ നൽകിയ ചീരക്കറി അയൽവാസി കണ്ണങ്കേരി റെജിമോന് ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് റെജിയുടെ നിർദേശപ്രകാരം സഫീഖുൽ നാട്ടിൽനിന്ന്‌ ചീരയുടെ വിത്ത് വരുത്തി പ്രദേശത്ത് നട്ടുപിടിപ്പിച്ചു. സമീപത്തെ വീടുകളിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികൾക്കും ചീര നൽകി. ചിറ്റേത്തുകരയിലെ രണ്ട് കടകളിൽ ചീര വിൽപ്പനയ്ക്കും എത്തിക്കുന്നുണ്ട്.ഒരുകെട്ട് ചീരയ്ക്ക്‌ ഇവിടെ 50 രൂപയും കൊൽക്കത്തയിൽ 30 രൂപയുമാണ് വില. കൂടുതൽ വീടുകളിൽ ചീര നട്ടുവളർത്താനാണ് റെജിമോന്റെ പദ്ധതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top