കോതമംഗലം
എറണാകുളം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും കുട്ടമ്പുഴ എക്സൈസും പൂയംകുട്ടി ഫോറസ്റ്റ് സംഘവും നടത്തിയ സംയുക്ത റെയ്ഡിൽ വാറ്റുകേന്ദ്രം നശിപ്പിച്ചു. ഓണക്കാലത്ത് കുട്ടമ്പുഴയിലെ ഹോംസ്റ്റേകളിൽ ചാരായവിതരണം നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത റെയ്‌ഡ്. ചാരായമാഫിയ കുട്ടമ്പുഴ പുഴയുടെ ആനക്കയം ഭാഗത്ത് പുഴയിൽ കെട്ടിത്താഴ്ത്തിയിരുന്ന വാറ്റുപകരണങ്ങൾ എക്സൈസ് സംഘം ബോട്ടിലെത്തി കണ്ടെടുത്തു. പുഴയ്ക്കു നടുവിൽ നങ്കൂരമിട്ട് പുഴയിൽ വലയ്ക്കുള്ളിൽ പൊതിഞ്ഞ് കല്ലുകെട്ടി താഴ്ത്തിയനിലയിലായിരുന്ന ഉപകരണങ്ങൾ.
ചാരായം വാറ്റുന്നതിനുള്ള 30 ലിറ്റർ വാഷ് പുഴയിലേക്ക് ചാഞ്ഞ മരത്തിൽ ഡ്രമ്മിൽ കെട്ടിവച്ചാണ് സൂക്ഷിച്ചിരുന്നത്. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ രമേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി പി പോൾ, സാജൻ പോൾ, യൂസഫലി, കെ ടി ഹരിപ്രസാദ്, വി എസ് സനിൽകുമാർ, പി വി ബിജു, നന്ദു ശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..