22 December Sunday

ഐടി മേഖലയിൽ കുതിപ്പിനൊരുങ്ങി യുഎസ്‌ടി ഗ്ലോബൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


കൊച്ചി
അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനി യുഎസ്‌ടി ഗ്ലോബലിന്റെ കൊച്ചി കേന്ദ്രം വിപുലീകരിക്കുന്നു. 3200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി ഇൻഫോപാർക്കിൽ പുതിയ ക്യാമ്പസിന്‌ യുഎസ്‌ടി ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര കല്ലിട്ടു.

കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ, വിശാലമായ ഒമ്പത്‌ ഏക്കറിൽ പത്തുനിലകളിലായി ആറുലക്ഷം ചതുരശ്രയടിയിലാണ്‌ പുതിയ ക്യാമ്പസ് ഉയരുക. മൂന്നുവർഷംകൊണ്ട്‌ നിർമാണം പൂർത്തിയാക്കും. 4400 ജീവനക്കാർക്ക് ഒരേസമയമിരുന്ന്‌ പ്രവർത്തിക്കാൻ സൗകര്യമുണ്ടാകും. ജീവനക്കാർക്കായി ജിം, 1400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും സജ്ജീകരിക്കും. തിരുവനന്തപുരത്തിനുശേഷം യുഎസ്‌ടി ഗ്ലോബലിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സ്വന്തം ക്യാമ്പസാകുമിത്‌.
നിലവിൽ കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന യുഎസ്‌ടി ഗ്ലോബൽ യുഎസ്, യുകെ, അപാക്‌ രാഷ്‌ട്രങ്ങൾ എന്നിവിടങ്ങളിലെ ആരോഗ്യപരിരക്ഷ, റീടെയിൽ, സാമ്പത്തിക സേവനങ്ങൾ/ അസറ്റ് മാനേജ്‌മെന്റ്, ഹൈടെക്‌ മേഖലകളിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. കൊച്ചിയിലെ പുതിയ ക്യാമ്പസ് ഈ മേഖലയിലെ യുഎസ്‌ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. മാത്രമല്ല, തൊഴിലവസരങ്ങളും വർധിപ്പിക്കും. ഇതിലൂടെ പുതു സാങ്കേതികവിദ്യയുടെ മികവുറ്റ കേന്ദ്രമാക്കി കൊച്ചിയെ മാറ്റാനാകുമെന്ന് കൃഷ്ണ സുധീന്ദ്ര പറഞ്ഞു. 2007ലാണ്‌ യുഎസ്‌ടി ഗ്ലോബൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത്‌.


പുതിയ ക്യാമ്പസ് കൊച്ചിയിൽ തുടങ്ങുന്നതോടെ ഉപഭോക്താക്കളുടെ എണ്ണവും തൊഴിലവസരങ്ങളും വർധിക്കുമെന്ന്‌ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു. നിലവിൽ കമ്പനിയുടെ ഇൻഫോപാർക്ക് ഓഫീസിൽ 2800- ജീവനക്കാരുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top