ആലങ്ങാട്
മന്ത്രി പി രാജീവിന്റെ സ്നേഹവീട് പദ്ധതിയിൽ കൊങ്ങോർപ്പിള്ളി ഒളനാട് ആശാരിപറമ്പിൽ ശ്രീജ അനൂപിനും മക്കൾക്കും വീടൊരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി കളമശേരി മണ്ഡലത്തിൽ 30 വീടുകളാണ് നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ നിർമിക്കുന്ന 20 വീടുകളിൽ ആദ്യത്തേതിന്റെ കല്ലിടൽ മന്ത്രി പി രാജീവ് നിർവഹിച്ചു. ‘ഒപ്പം’ എന്ന പേരിൽ വിവിധ വിഭാഗം ജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാപദ്ധതികളുടെ ഭാഗമായാണ് ‘സ്നേഹവീട്' ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ഒളനാട് എൽപി സ്കൂളിൽ പാചകത്തൊഴിലാളിയായ ശ്രീജയുടെ ഭർത്താവ് അനൂപ് രണ്ട് വർഷംമുമ്പ് മരിച്ചു. ഒമ്പതും ഏഴും ക്ലാസുകളിൽ പഠിക്കുന്ന മക്കളുണ്ട്. എട്ടു ലക്ഷം രൂപ ചെലവിൽ 500 ചതുരശ്രയടിയിലുള്ള വീടാണ് നിർമിക്കുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുദ്-കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇൻകൽ എന്നിവരുടെ സാമ്പത്തിക സഹായത്തോടെയും രാജഗിരി ഫൗണ്ടേഷന്റെ സഹകരണത്തോടെയുമാണ് ആദ്യഘട്ട വീടുകളുടെ നിർമാണം. ഈ പദ്ധതിക്കുപുറമെ മണ്ഡലത്തിൽ നാലു വീടുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
കല്ലിടൽ ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ഏലൂർ നഗരസഭാ അധ്യക്ഷൻ എ ഡി സുജിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എം മനാഫ്, സുരേഷ് മുട്ടത്തിൽ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ വി രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, സുദ് കെമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് സജു മാത്യു, രാജഗിരി കോളേജ് പ്രിൻസിപ്പൽ എം ഡി സാജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..