മട്ടാഞ്ചേരി
ട്രോളിങ് നിരോധനം അവസാനിച്ചശേഷം പ്രതീക്ഷയോടെ കടലിൽപ്പോയ ബോട്ടുകൾക്ക് ആദ്യദിനം നിരാശ. കൊച്ചിയിൽനിന്ന് മീൻപിടിത്തത്തിന് പോയ പേഴ്സിൻ നെറ്റ് ബോട്ടുകളെല്ലാം ചെലവിനുള്ള പണംപോലും ലഭിക്കാതെയാണ് മടങ്ങിയത്. ഫിഷിങ് നെറ്റ് ബോട്ടുകളൊന്നും ഇന്നലെ വൈകിയും മടങ്ങിയെത്തിയിട്ടില്ല. അതേസമയം കൊല്ലത്തുനിന്ന് പോയ ഫിഷിങ് നെറ്റ് ബോട്ടുകളിൽ കിളിമീനും കരിക്കാടി ചെമ്മീനും ലഭിച്ചത് കൊച്ചിയിലെ ബോട്ടുടമകൾക്ക് പ്രതീക്ഷ നൽകുന്നു. ആഴക്കടൽ മീൻപിടിത്തത്തിന് പോകുന്ന ഗിൽനെറ്റ് ബോട്ടുകൾ ഈ ആഴ്ചയേ കടലിൽ ഇറങ്ങൂ. ഇതിനിടെ മോശം കാലാവസ്ഥ മേഖലയിൽ ആശങ്ക പടർത്തുന്നുണ്ട്. നാലുവരെ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് വന്നെങ്കിലും മിക്കവാറും ബോട്ടുകൾ കടലിൽ ഇറങ്ങിയിട്ടുണ്ട്.
ബോട്ട് അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളാണ് ബോട്ടുടമകൾ ചെലവഴിച്ചത്. പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് അറ്റകുറ്റപ്പണി തീർത്തത്. നിരോധനത്തിനുശേഷം കടലിൽ ഇറങ്ങിയ ആദ്യദിനം പേഴ്സിൻ നെറ്റ് ബോട്ടുകൾക്ക് നിരാശ നൽകിയെങ്കിലും വരുംദിവസങ്ങളിൽ മികച്ച മീൻലഭ്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..