മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭ 16–--ാംവാർഡിലെ മണ്ണാൻകടവ് തോട്, തോടിനോടുചേർന്നുള്ള റോഡ് എന്നിവയുൾപ്പെടുന്ന പുറമ്പോക്കുഭൂമി അളന്ന് തിട്ടപ്പെടുത്താൻ നടപടിയായി.
താലൂക്ക് അധികൃതർ ചൊവ്വാഴ്ച സ്ഥലം പരിശോധിക്കും. ആരക്കുഴ റോഡിൽനിന്ന് പേട്ട അങ്കണവാടിയിലേക്ക് പോകുന്നഭാഗത്ത് തോട് നിറഞ്ഞ് സ്ലാബിനുമുകളിലൂടെ വെള്ളം റോഡിലൂടെ ഒഴുകി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് പതിവാണ്. ഇതിന് പരിഹാരം തേടി വാർഡ് കൗൺസിലർ വി എ ജാഫർ സാദിക്ക് നഗരസഭാ സെക്രട്ടറിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. പുറമ്പോക്കുസ്ഥലം അടിയന്തരമായി അളന്നുതിരിക്കണമെന്നും കൈയേറ്റം ഒഴിവാക്കണമെന്നും കലക്ടർ ഉത്തരവിട്ടു.
പുറമ്പോക്ക് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി മൂവാറ്റുപുഴ ഭൂരേഖ തഹസിൽദാർക്ക് കത്ത് നൽകി. തുടർന്നാണ് താലൂക്ക് സർവേയർ സ്ഥലം പരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. തോടിന്റെ ഇരുവശങ്ങളിലുമുള്ള പുറമ്പോക്കുഭൂമി കൈയേറ്റം ഒഴിപ്പിച്ച് തോടിന്റെ വീതികൂട്ടി റോഡ് ഉയർത്തി തോടിന്റെ ആഴം കൂട്ടുന്നതിന്റെ ഭാഗമായാണ് നടപടികൾ. ഇതിനായി റോഡിന്റെ ഇരുഭാഗത്തുമുള്ള സ്ഥലമുടമകൾക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..