16 September Monday

സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ കൈകോർത്തു ; നിർമല അപ്പുവിന് സ്നേഹഭവനമൊരുക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


ആലുവ
ഇടിഞ്ഞുവീഴാറായ വീട്ടിൽനിന്ന് അടച്ചുറപ്പുള്ള പുത്തൻവീട് കിട്ടിയ സന്തോഷത്തിലാണ് എടത്തല പുഷ്പനഗറിലെ കല്ലുങ്കൽ നിർമല. ഭർത്താവ് അപ്പുവിന്റെ മരണത്തോടെ ജീവിതം പ്രതിസന്ധിയിലായ അറുപത്തിമൂന്നുകാരിക്ക്‌ പുഷ്പനഗറിലെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്നാണ്‌ വീടൊരുക്കിയത്‌. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിമിൽനിന്ന് വീടിന്റെ താക്കോൽ നിർമല ഏറ്റുവാങ്ങി.

വീടിന്റെ ശുചിമുറി ഇടിഞ്ഞുവീണതറിഞ്ഞ്‌ സഹായത്തിനെത്തിയപ്പോഴാണ് ഇടിഞ്ഞുവീഴാറായ വീട് പ്രവർത്തകർ കണ്ടത്. ഇതോടെ പുതിയ വീട് നിർമിച്ചുനൽകാനുള്ള ശ്രമമാരംഭിച്ചു. സിപിഐ എം ചുണങ്ങംവേലി, പുഷ്പനഗർ ബ്രാഞ്ചുകളും ഡിവൈഎഫ്ഐ പുഷ്പനഗർ യൂണിറ്റും ചേർന്ന്‌ പണം സ്വരൂപിച്ചു. വെളിയത്തുനാടുള്ള പ്രവാസി അബ്ദുൾ സമദ് പ്രധാന സഹായം നൽകി. സിപിഐ എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റിയും പ്രവർത്തകരും ഒത്തുചേർന്നതോടെ സ്നേഹഭവനം പൂർത്തിയായി.

മൂന്നുസെന്റിൽ നാലുലക്ഷം രൂപ ചെലവഴിച്ച്‌ 400 ചതുരശ്രയടിയിലാണ്‌ വീട് നിർമിച്ചത്‌. താക്കോൽദാനച്ചടങ്ങിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സി കെ അനസ് അധ്യക്ഷനായി. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി മുഖ്യാതിഥിയായി. സിപിഐ എം ലോക്കൽ സെക്രട്ടറി ടി ആർ അജിത്, ഷൈൻ ഇബ്രാഹിം, ഷാജി മുഹമ്മദാലി, ഷാനു ഇബ്രാഹിം, എം എം ഖിള്ളർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top