കൊച്ചി
അങ്കമാലി കരയാംപറമ്പിൽനിന്ന് ആരംഭിച്ച് കുണ്ടന്നൂരിനുസമീപം നെട്ടൂരിൽ അവസാനിക്കുന്ന പുതിയ ഹൈവേ ബൈപാസിന്റെ 3 എ വിജ്ഞാപനം പുറത്തിറങ്ങി. ഭൂമി വിട്ടുനൽകുന്നതിനുള്ള ആക്ഷേപങ്ങൾ 21 ദിവസത്തിനകം സമർപ്പിക്കണം.
ദേശീയപാത 544ന് സമാന്തരമായി ആറുവരി ഉൾപ്പെടെ 44.7 കിലോമീറ്ററാണ് നിർദിഷ്ട ഗ്രീൻഫീൽഡ് പാത. ഭൂമി ഏറ്റെടുക്കലിനുമുന്നോടിയായാണ് 3 എ വിജ്ഞാപനം. ഉപരിതല ഗതാഗത മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി വിട്ടുനൽകുന്നതിനുള്ള എതിർപ്പുകൾ വിജ്ഞാപനം പുറപ്പെടുവിച്ച തീയതിമുതൽ 21 ദിവസത്തിനകം സമർപ്പിക്കാം. സിഎഎൽഎ (ദി കംപ്ലയിന്റ് അതോറിറ്റി ഫോർ ലാൻഡ് അക്വിസിഷൻ) ദേശീയപാത സ്‌പെഷ്യൽ ഡെപ്യൂട്ടി കലക്ടർക്കാണ് ആക്ഷേപങ്ങൾ സമർപ്പിക്കേണ്ടത്. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സ്ഥലങ്ങളും ഉൾപ്പെടുത്തിയ പ്ലാൻ ഓഫീസിൽ ലഭ്യമാണ്.
3 എ വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന എല്ലാ സ്ഥലങ്ങളും ഏറ്റെടുക്കാറില്ല. അന്തിമ വിജ്ഞാപനമായ 3 ഡിയിലാകും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുക. 280 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 6000 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
അരൂർ –-ഇടപ്പള്ളി –-അങ്കമാലി പാതയിൽ തിരക്കേറിയതിനാലാണ് പുതിയ റോഡിനായി ആവശ്യകത ഉയർന്നത്. പുതിയ പാത യാഥാർഥ്യമായാൽ അങ്കമാലിയിലെ ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാകും. അങ്കമാലി കരയാംപറമ്പ് ഭാഗത്തുനിന്ന് ആരംഭിക്കുന്ന പാത മാഞ്ഞാലി തോടിന്റെ കരയിലൂടെ മഞ്ഞപ്ര റോഡ് കുറുകെ കടന്ന് വേങ്ങൂരിൽ എംസി റോഡും മുറിച്ചാണ് കടന്നുപോകുന്നത്. അങ്കമാലിയിൽനിന്ന് നെട്ടൂർവരെ എത്താൻ ഇപ്പോൾ ഒന്നര മണിക്കൂറിലേറെ എടുക്കുന്നുണ്ട്. പാത യാഥാർഥ്യമായാൽ അരമണിക്കൂർ മതിയാകും. ചരക്കുവാഹനങ്ങൾക്ക് എംസി റോഡിലേക്ക് കടക്കാനും പാത ഉപകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..