മൂവാറ്റുപുഴ
പായിപ്ര പഞ്ചായത്തിലെ പോയാലിമലയിൽ നടത്തിയ ബയോസർവേയിൽ കേരളത്തിൽ അപൂർവമായി കാണുന്ന എട്ടുകാലിവർഗമായ ഇന്ത്യൻ സോഷ്യൽ സ്പൈഡർ (സ്റ്റെഗോഡിഫസ് സരാസിനോറം) എന്ന ഇനത്തെ കണ്ടെത്തി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ഫോറസ്റ്റ് ക്ലബ്, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ഫോറസ്റ്റ് ക്ലബ് എന്നിവ ചേർന്നാണ് പ്രാഥമികസർവേ നടത്തിയത്.
മറ്റ് എട്ടുകാലികളിൽനിന്ന് വ്യത്യസ്തമായി ഈ വർഗം ചെറുസമൂഹങ്ങളായാണ് ജീവിക്കുന്നത്. പത്തടിയോളം ഉയരമുള്ള കുറ്റച്ചെടികളിൽ വലകെട്ടി ചെറിയ കോട്ടകളിൽ പകൽ വിശ്രമിക്കും. സൂര്യാസ്തമയത്ത് പുറത്തിറങ്ങി ഇരപിടിക്കും.
പോയാലിമല സംരക്ഷണത്തിന്റെ ഭാഗമായാണ് സർവേ നടത്തിയത്. കുറ്റിച്ചെടികൾ, ചെറുസസ്യങ്ങൾ, വൃക്ഷങ്ങൾ, വള്ളിച്ചെടികൾ, പായൽ, ഔഷധസസ്യങ്ങൾ തുടങ്ങിയ 40 ഇനങ്ങളും ചിത്രശലഭങ്ങൾ, പ്രാണികൾ എന്നിവയെയും ജൈവവൈവിധ്യ പട്ടികയിലാക്കി. ഇവയുടെ സംരക്ഷണം ഉറപ്പാക്കും.
പോയാലിമലയെ ജൈവവൈവിധ്യകേന്ദ്രമാക്കി സംരക്ഷിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്താണ് സർവേ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ് ബയോസർവേ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റജീന ഷിഹാജ് അധ്യക്ഷയായി. ബയോസർവേ ലീഡർ ഡോ. ജോസഫ് തോമസ്, ഡോ. ശ്രീരാജ് കെ ദാമോദർ, ഡോ. സി രവീന്ദ്രനാഥ കാമത്ത്, ഡോ. നിയ ശിവൻ രൺദീപ്, ഡോ. രേഷ്മ പി ജോൺ, ഡോ. ബിനോയ് ഭാസ്കരൻ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെയും നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിലെയും വിദ്യാർഥികൾ എന്നിവർ സർവേയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..