21 November Thursday

കൊച്ചി കോർപറേഷൻ ; കെട്ടിടനികുതി കുടിശ്ശിക 
പലിശയില്ലാതെ അടയ്‌ക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


കൊച്ചി
കുടിശ്ശികയുള്ളവർക്ക് പലിശയില്ലാതെ കെട്ടിടനികുതി അടയ്ക്കാമെന്ന്‌ മേയർ എം അനിൽകുമാർ കൗൺസിലിൽ അറിയിച്ചു. സംസ്ഥാന സർക്കാർ ഉത്തരവ്‌ പ്രകാരമാണിത്‌. കോർപറേഷൻ ഈ ആവശ്യം സർക്കാരിനുമുന്നിൽ ഉന്നയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ്‌ ഉത്തരവ്‌. നികുതി ഗഡുക്കളായും അടയ്‌ക്കാം.  2016 മുതലുള്ള നികുതികുടിശ്ശിക അടയ്ക്കണമെന്ന് നിലവിൽ നോട്ടീസ് ലഭിച്ചവർക്കാണ് അവസരം. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും കഴിവതും വേഗത്തിൽ അടയ്‌ക്കണമെന്നും മേയർ പറഞ്ഞു.

രണ്ടുതവണയായി നടത്തിയ അദാലത്തിൽ കെട്ടിടനികുതിയെക്കുറിച്ച്‌ 2676 പരാതികളാണ് ആകെ ലഭിച്ചത്. ഇതിൽ 2517 പരാതികൾ തീർപ്പാക്കി. ശേഷിക്കുന്ന 159 പരാതികളിൽ നടപടി പുരോഗമിക്കുകയാണ്‌. കെ സ്മാർട്ടിലെ തടസ്സങ്ങൾ നീക്കാൻ സോണൽ ഓഫീസുകളിൽ സൗകര്യമുണ്ട്‌. ഇവിടെ പരിഹാരമായില്ലെങ്കിൽ സെക്രട്ടറിയെ സമീപിക്കാം.

വ്യാപാര ലൈസൻസ് 31 വരെ പുതുക്കാം. അർധവാർഷിക പാദത്തിനുശേഷം അപേക്ഷ നൽകുന്നവരിൽനിന്ന് ഒരുവർഷത്തെ ഫീസ് വാങ്ങുന്നതായുള്ള ആക്ഷേപം പരിശോധിക്കും. മാനദണ്ഡങ്ങൾ വ്യക്തമാക്കിയുള്ള ഉത്തരവിറക്കാൻ സർക്കാരിനോട്‌ അഭ്യർഥിക്കും.

അത്തരത്തിലുള്ള 
മേയറല്ല
ഉദ്യോഗസ്ഥമേധാവികളെ വിളിച്ചുവരുത്തി ഇത്രരൂപ കാൽക്കീഴിൽ വയ്‌ക്കണമെന്ന്‌ പറയുന്നയാളല്ല താനെന്ന്‌ കൗൺസിൽ യോഗത്തിൽ മേയർ എം അനിൽകുമാർ. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ച്‌ പണിയാമെന്ന്‌ കരുതേണ്ടെന്നും കരങ്ങൾ ശുദ്ധമാണെന്നും മേയർ പറഞ്ഞു. നാല് ഡിവിഷനുകളിൽ ഭാരതി എയർടെല്ലിന് കേബിൾ പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതിൽ പ്രതിപക്ഷം ക്രമക്കേട് ആരോപിച്ചപ്പോഴായിരുന്നു മേയറുടെ പ്രതികരണം. സുഗമ പോർട്ടൽവഴിയുള്ള അപേക്ഷയും ഉദ്യോഗസ്ഥർ അനുമതി നൽകുന്നതും മേയറും കൗൺസിലും കാണേണ്ടതില്ല. തീരുമാനം സർക്കാരിന്റേതാണ്‌. ഇക്കാര്യത്തിൽ ധനകാര്യ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. ഉദ്യോഗസ്ഥർ തെറ്റ്‌ ചെയ്‌താൽ നടപടിയുണ്ടാകും.

വരുമാനനഷ്ടമുണ്ടായാൽ അതു തിരിച്ചുപിടിക്കും. വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന്‌ കണ്ടെത്താൻ പുറത്തുനിന്നുള്ള ഏജൻസിയുടെ സഹായത്തോടെ സർവേ നടത്താൻ തയ്യാറാണെന്നും മേയർ പറഞ്ഞു. യുഡിഎഫ്‌ കൗൺസിലിന്റെ കാലത്ത്‌ ഒരുപോസ്‌റ്റ്‌ സ്ഥാപിക്കുന്നതിന്‌ 75 രൂപയാക്കിയെന്നും എൽഡിഎഫ്‌ ഭരണസമിതി അത്‌ 639 രൂപയാക്കുകയായിരുന്നുവെന്നും എൽഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top