പറവൂർ
മുൻ കോൺഗ്രസ് ഭരണസമിതി പട്ടികജാതി വ്യവസായ പാർക്ക് ഭൂമിയിടപാടിൽ അധികമായി ചെലവഴിച്ച തുക തിരിച്ചുപിടിക്കാനുള്ള തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഉത്തരവ് പറവൂർ നഗരസഭ നടപ്പാക്കിയില്ല. കലക്ടർ നിർദേശിച്ച തുകയിൽനിന്ന് 8,99,000 രൂപ അധികമായി ചെലവിട്ടത് അന്നത്തെ നഗരസഭാ അധ്യക്ഷ വത്സല പ്രസന്നകുമാർ, മുൻ സെക്രട്ടറി വി പി ഷിബു എന്നിവരിൽനിന്ന് തിരിച്ചുപിടിക്കാൻ 2021 ജൂൺ 31ന് ഇറക്കിയ ഉത്തരവാണ് നിലവിലെ കോൺഗ്രസ് ഭരണസമിതി പൂഴ്ത്തിയത്.
കെപിസിസി ജനറൽ സെക്രട്ടറിയും മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവുമായിരുന്നു വത്സല പ്രസന്നകുമാർ. ഉത്തരവിന്റെ തുടർനടപടികൾ അന്വേഷിച്ച് 2023ൽ തദ്ദേശവകുപ്പ് നഗരസഭയ്ക്ക് വീണ്ടും കത്തയച്ചെങ്കിലും മറുപടി നൽകിയില്ല. സെപ്‌തംബർ 23ന് വീണ്ടും തദ്ദേശവകുപ്പ് കത്തയക്കുകയും 28ന് അഡീഷണൽ സെക്രട്ടറിയുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ നിലവിലെ സെക്രട്ടറി ഇതുസംബന്ധിച്ച റിപ്പോർട്ട് സഹിതം പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതേത്തുടർന്ന് തുക തിരിച്ചടയ്‌ക്കാൻ നിർദേശിച്ച് വത്സല പ്രസന്നകുമാറിനും വി പി ഷിബുവിനും കഴിഞ്ഞദിവസം സെക്രട്ടറി ജോ ഡേവിസ് കത്ത് നൽകി.
വത്സല പ്രസന്നകുമാർ നഗരസഭാ അധ്യക്ഷയായിരുന്ന 2015–-2016 കാലഘട്ടത്തിൽ എസ്‌സി ഫണ്ട് ഉപയോഗിച്ച് മൂന്നാംവാർഡിലാണ് 31 സെന്റ് ഭൂമി വാങ്ങിയത്. ഇടപാടിൽ ക്രമക്കേട് ആരോപിച്ച് എൽഡിഎഫിന്റെ മുൻ നഗരസഭാ കൗൺസിലർ സുനിൽ സുകുമാരൻ നൽകിയ പരാതിയിൽ അക്കാലത്തെ കൗൺസിലർമാരായ കോൺഗ്രസ് നേതാക്കൾ പ്രതികളാണ്. വസ്‌തുവിന് കലക്ടർ നിർദേശിച്ച വിലയിലും അധികമായി സൊലേഷ്യം ഇനത്തിൽ 8,99,000 രൂപ കൗൺസിലിലെ ഭിന്നാഭിപ്രായങ്ങൾ കണക്കിലെടുക്കാതെ നൽകിയതിന് വത്സല പ്രസന്നകുമാറും വി പി ഷിബുവും ഉത്തരവാദികളാണെന്ന റിപ്പോർട്ടാണ് അന്വേഷണം നടത്തിയ മേഖലാ പെർഫോമൻസ് ഓഡിറ്റ് ഓഫീസർ സമർപ്പിച്ചത്. തുടർന്നാണ് അധികതുക ഇരുവരിൽനിന്ന് തുല്യമായി ഈടാക്കണമെന്ന് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.
ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു. എന്നാൽ, 2021ൽ വന്ന ഉത്തരവ് ഇത്രനാൾ നടപ്പാക്കാതിരുന്നതിന് കോൺഗ്രസ് ഭരണനേതൃത്വം മറുപടി പറയേണ്ടിവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..