കോതമംഗലം
വാരപ്പെട്ടി പഞ്ചായത്തിലെ 8, 9 വാർഡുകളിൽ സ്ഥിതിചെയ്യുന്ന പാടശേഖരത്തിൽ വെള്ളക്കെട്ടുമൂലം നെൽക്കൃഷിയിറക്കാൻ കഴിയുന്നില്ല. അഞ്ചേക്കറോളം പാടശേഖരമാണ് തരിശുകിടക്കുന്നത്. ആയവന, വാരപ്പെട്ടി പഞ്ചായത്തുകളുടെ അതിർത്തിയിൽ ആയവന പഞ്ചായത്ത് നബാർഡിന്റെ സഹായത്തോടെയാണ് പരിപ്പുതോടിന്റെ കരയിലൂടെ റോഡ് നിർമിച്ചത്. നീരൊഴുക്ക് തടസ്സപ്പെടുംവിധം അശാസ്ത്രീയമായി നിർമാണം നടത്തിയതാണ് വെള്ളക്കെട്ടിന് കാരണം.
കർഷകനായ ഇളങ്ങവം സജഭവനിൽ ഗോപി കലക്ടർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. ആയവന പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും തീരുമാനം എടുത്തിട്ടില്ല. സമീപത്തെ കൈത്തോടുകൾ കെട്ടി സംരക്ഷിച്ച് പരിപ്പുതോട്ടിലേക്ക് ജലം ഒഴുകാൻ കഴിയുന്നതരത്തിൽ കലുങ്ക് നിർമിച്ചോ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചോ, നീരൊഴുക്ക് സുഗമമാക്കിയാലേ പ്രശ്നത്തിന് പരിഹാരമാകൂ. മൂന്നുവർഷമായി പാടശേഖരം തരിശുകിടക്കുകയാണ്. അടിയന്തര പരിഹാരം കാണണമെന്ന് പഞ്ചായത്ത് അംഗം ദിവ്യ സലി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..