02 November Saturday

ഇടപ്പള്ളി ടോളിൽ 
പുതിയ യൂടേൺ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


കളമശേരി
കളമശേരിയിൽ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന്‌ വരുന്ന വാഹനങ്ങൾക്ക്‌ ഇടപ്പള്ളി ടോളിൽ പുതിയ യു ടേൺ തുറന്നു. വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം വൻ വിജയമായതോടെയാണ്‌ പുതിയ യു ടേൺ ഒരുക്കുന്നത്‌. നേരത്തേ 377, 378 മെട്രോ തൂണുകൾക്കിടയിലായിരുന്നു യു ടേൺ സൗകര്യം. ഇവിടെ റോഡിന് വീതി കുറവായിരുന്നതിനാൽ എറണാകുത്തേക്കുള്ള വാഹനങ്ങൾ നിർത്തിയിട്ടശേഷമാണ് യു ടേൺ എടുത്തിരുന്നത്. റോഡിന് വീതികൂടിയ ഭാഗത്ത് 380, 381 മെട്രോ തൂണുകൾക്കിടയിലേക്കാണ് പുതിയ യു ടേൺ മാറ്റിയത്. ഇതോടെ ഇരുഭാഗത്തേയും ഗതാഗതം തടസ്സപ്പെടാതെ വാഹനങ്ങൾക്ക് തിരിഞ്ഞുപോകാൻ കഴിയും.

ദേശീയപാതയിലെയും എച്ച്എംടി റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയതോടെ വാഹനങ്ങളിൽനിന്നുള്ള കാർബൺ പുറംതള്ളലിന്റെ തോത് 94ൽനിന്ന് 34 ആയി കുറഞ്ഞതായി കണ്ടെത്തി. ദിവസേന സ്വകാര്യ ബസുകൾക്ക് ഏഴ് ലിറ്റർവരെ ഡീസൽ ചെലവിൽ കുറവുമുണ്ടായി. ഈ ഭാഗത്ത് ദേശീയപാതയിൽ അപകടങ്ങളും കുറഞ്ഞു.

ഇടപ്പള്ളി മേൽപ്പാലത്തിന് അടിയിലൂടെ ചെറുവാഹനങ്ങൾക്ക് വലത്തോട്ട് തിരിഞ്ഞുപോകാൻ (ഫ്രീ റൈറ്റ്) സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിലവിലെ നടപ്പാത മാറ്റി റോഡിന് വീതി കൂട്ടും. ഇടപ്പള്ളി ടോളിൽ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് പുതുക്കി നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top