02 November Saturday

കുരുന്നുകളെ വായനയുടെ കടവിലടുപ്പിച്ച്‌ 
കാട്ടൂർകടവിന്റെ കഥാകാരൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


കൊച്ചി
നല്ല വായനക്കാരനാകാൻ കുറുക്കുവഴികളില്ല, പാഠപുസ്തകങ്ങൾക്കൊപ്പം കുട്ടികൾ മറ്റു പുസ്തകങ്ങളും വായിക്കണമെന്ന്‌ എഴുത്തുകാരൻ അശോകൻ ചരുവിൽ. ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ചപ്പോൾ അഭിനന്ദനക്കത്തയച്ച കുട്ടികളെ കാണാൻ പൊന്നാരിമംഗലം ഹിദായത്തുൽ ഇസ്ലാം ഹൈസ്കൂളിൽ എത്തിയ അശോകൻ ചരുവിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു. കാട്ടൂർകടവ്‌ എന്ന കൃതിക്ക്‌ വയലാർ അവാർഡ് ലഭിച്ചതിനെ അഭിനന്ദിച്ച്‌ സ്കൂളിലെ നൂറോളം വിദ്യാർഥികളാണ് തപാൽദിനത്തിൽ കത്തയച്ചത്.

ആദ്യവായനയിൽ എല്ലാം മനസ്സിലാകണമെന്നില്ല. ആവർത്തിച്ച് വായിക്കണം. അപ്പോൾ  ചിലതെല്ലാം മനസ്സിലാകും. കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകങ്ങളും കിട്ടാവുന്ന പത്രവും മാസികകളുമെല്ലാം വായിക്കണം. എല്ലാം മനസ്സിലായില്ലെങ്കിലും കഷ്ടപ്പെട്ട് വായിക്കണം. വായന ഉപേക്ഷിക്കരുത്. നല്ലൊരു വായനക്കാരനായതുകൊണ്ടാണ് തനിക്ക് എഴുത്തുകാരനാകാൻ കഴിഞ്ഞത്‌. പുസ്തകങ്ങൾക്ക്‌ വായിക്കുന്നവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനാകും. അതിന് ഉദാഹരണമാണ് വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങളെ’ന്നും അശോകൻ ചരുവിൽ പറഞ്ഞു. സ്കൂൾ മാനേജർ വി എ ഷാജഹാൻ ഉപഹാരം നൽകി. പ്രധാനാധ്യാപകൻ ബി ആർ പ്രജീഷ്, പിടിഎ പ്രസിഡന്റ്‌ പി ഐ അബ്ദുൾ റഷീദ്, സെലിൻ ചാൾസ്, മഞ്ജു സാഗർ, സ്മിത ഗിരീഷ്, നൗഫീർ മജീദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top