26 December Thursday

മംഗളൂരുവിൽ മലയാളിയെ മർദിച്ച്‌ സ്വർണവും പണവും കവർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024


ആലുവ
മൂകാംബികയും ഉഡുപ്പിയും സന്ദർശിച്ച്‌ മടങ്ങിയ ആലുവ സ്വദേശിയെ മംഗളൂരു ബസ് സ്റ്റാൻഡിൽ രണ്ടു മലയാളികൾ ചേർന്ന്‌ മർദിച്ച് കൊള്ളയടിച്ചതായി പരാതി. സഹൃദയപുരം മൗണ്ടപാടത്ത് ഷിബു (46)വാണ് ജില്ലാ റൂറൽ എസ്‌പിക്ക് പരാതി നൽകിയത്. മൂന്നരപ്പവൻ, സ്മാർട്ട് വാച്ച് എന്നിവയും 20, 000 രൂപയും എടിഎം, പാൻ കാർഡുകളും സൂക്ഷിച്ചിരുന്ന പേഴ്സുമാണ്‌ നഷ്ടമായത്.

ജൂലൈ 27ന് മൂകാംബികയിലും പിറ്റേന്ന്‌ ഉഡുപ്പി ക്ഷേത്രത്തിലും ദർശനം നടത്തി തിരികെവരാൻ രാത്രി ഒമ്പതിന് മംഗളൂരു ബസ് സ്റ്റാൻഡിൽ വിശ്രമിക്കുമ്പോഴാണ്‌ സംഭവമെന്ന്‌ ഷിബുവിന്റെ പരാതിയിൽ പറയുന്നു. കോട്ടയത്തേക്കാണെന്ന് പറഞ്ഞ്‌ പരിചയപ്പെട്ട രണ്ട്‌ മലയാളി യുവാക്കൾ വാങ്ങിനൽകിയ കട്ടൻചായ കുടിച്ചതോടെ ഛർദിച്ച്‌  അബോധാവസ്ഥയിലായി. 

ഓർമവരുമ്പോൾ ക്രൂരമർദനത്തിൽ ദേഹമാസകലം മുറിവും ചതവുമേറ്റ്‌ ഒരു കെട്ടിടത്തിലായിരുന്നു. എന്തിനാണ് മർദിച്ചതെന്ന്‌ വ്യക്തമല്ലെന്ന് ഷിബു പറയുന്നു.  29ന് പുലർച്ചെ അടിവസ്ത്രത്തിൽ ബസ് സ്റ്റാൻഡിനുമുന്നിലെ കടയ്‌ക്കുസമീപം കിടന്ന ഷിബുവിനെ മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിൽ കടയുടമയും മർദിച്ചു. അതുവഴി വന്ന യുവാവ് ട്രാക്ക് സ്യൂട്ടും 300 രൂപയും നൽകി. മംഗളൂരു സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അടുത്തദിവസം ട്രെയിനിലാണ്‌ നാട്ടിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top