25 November Monday

കടമ്പൻ മൂത്താനെ വരവേൽക്കാനൊരുങ്ങി 
കളമശേരിയിലെ കൃഷിയിടങ്ങൾ

കെ പി വേണുUpdated: Tuesday Sep 3, 2024


കളമശേരി
കടമ്പൻ മൂത്താനെ വരവേൽക്കാൻ കുരുത്തോല പന്തലിട്ട് ഒരുങ്ങിയിരിക്കുകയാണ്‌ കളമശേരിയിലെ ജൈവകൃഷിയിടങ്ങൾ. കേരളത്തിന്റെ കാർഷികസംസ്‌കൃതിയുടെ കാവലാൾ എന്ന സങ്കൽപ്പത്തിലാണ്‌ മൂന്നാംവർഷവും കടമ്പൻ മൂത്താൻ ജൈവ കാർഷികസമൃദ്ധി കണ്ടറിയാൻ എത്തുന്നത്‌. കളമശേരി കാർഷികോത്സവത്തിന് തിരിതെളിയുന്ന ഏഴുവരെ മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ കടമ്പൻ മൂത്താൻ ചുവടുവയ്‌ക്കും.

‘ജൈവകൃഷിയും ജൈവ കലയും’ എന്ന ആശയം മുൻനിർത്തി തിരുവനന്തപുരം ജില്ലയുടെ തമിഴ്നാട് അതിർത്തിഗ്രാമമായ വെള്ളറടയിലെ ഓർഗാനിക് തിയറ്റർ ഒരുക്കിയ നാടകത്തിലെ കേന്ദ്രകഥാപാത്രമാണ്‌ കടമ്പൻ മൂത്താൻ. കൈതോലപ്പായ ഞൊറിഞ്ഞുടുത്ത്, പുൽക്കിരീടമണിഞ്ഞ്, തിത്തിരിപ്പക്ഷിയുടെ കണ്ണെഴുത്തും ആദിവാസി കാണി വിഭാഗത്തിന്റെ ബിംബങ്ങൾ മുഖത്തെഴുതിയുമാണ്‌ വരവ്‌. കടമ്പൻ എന്നാൽ കടമ്പ കടക്കുന്നവൻ. മൂത്താൻ രക്ഷകനും. ഡോ. ബിജു ബാലകൃഷ്ണന്റെ ‘കടമ്പൻ മൂത്താൻ’ കവിതയാണ് അടിസ്ഥാനം. എസ് എൻ സുധീറിന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ഒരുക്കിയ സ്ഥിരം നാടകവേദിയാണ് ഓർഗാനിക്ക് തിയറ്റർ.

കാക്കാരിശ്ശി നാടകത്തിലെ കാക്കാൻ, പുതിയ കാലത്തിന്റെ ഇടനിലക്കാരനായ വിരുതൻ, കതിരൻ എന്ന കർഷകൻ, കർഷകന്റെ മകൾ, കർഷകന്റെ സുഹൃത്തായ ജബ്ബാർ എന്നിവരാണ് നാടകത്തിലെ മറ്റു കഥാപാത്രങ്ങൾ. വായ്‌പാട്ടും ഗ്രാമീണ താളമേളങ്ങളും നാടകത്തിന്‌ പരമ്പരാഗത അനുഷ്ഠാനരൂപത്തിന്റെ ഛായ പകരുന്നു. സനൽ ഡാലുമുഖം ആലാപനവും രാജൻ പെരുമ്പഴുതൂർ വാദ്യവും നിർവഹിക്കുന്നു. വായ്ത്താരിയും നൃത്തചുവടുകളുമായാണ് കടമ്പൻ മൂത്താനും കൂട്ടരുമെത്തുക. ജലവും മണ്ണും വായുവും ഭക്ഷണവും വിഷമയമാക്കരുത്‌ എന്ന താക്കീതോടെ നഷ്ട കാർഷിക സംസ്കൃതിയെ വീണ്ടെടുക്കാനും ജൈവകൃഷിയിലേക്ക് മടങ്ങാനും മൂത്താനും കൂട്ടരും ഓർമിപ്പിക്കുന്നു.

വ്യവസായനഗരിയായ കളമശേരിയുടെ സാധ്യമായ ഇടങ്ങളിലാകെ പച്ചപ്പണിയിക്കാനായി വ്യവസായമന്ത്രി പി രാജീവ് നടപ്പാക്കിയ സമഗ്ര കാർഷിക വികസന പദ്ധതിയാണ്‌ ‘കൃഷിക്ക് ഒപ്പം കളമശേരി'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top