കൊച്ചി
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ സംഘടിപ്പിക്കുന്ന "കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിന് ഒരുക്കങ്ങൾ സജീവം. പരിപാടിക്ക് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. അദാലത്തിൽ പരാതി സമർപ്പിക്കുന്ന വിധം, കലക്ടറേറ്റിൽ ലഭിച്ച പരാതികൾ വകുപ്പുകളുടെ ജില്ലാ ഓഫീസിന് കൈമാറൽ, ജില്ലാ ഓഫീസുകളിൽനിന്ന് സബ് ഓഫീസുകളിലേക്കുള്ള കൈമാറ്റം, ഓരോ പരാതിയിലും സ്വീകരിച്ച നടപടി, അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത പരാതികളോടുള്ള പ്രതികരണം തുടങ്ങിയവയെല്ലാം karuthal.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് നിർവഹിക്കപ്പെടുന്നത്. ഇവയുടെ നിർവഹണ രീതി ക്ലാസിൽ വിശദീകരിച്ചു.
പൊതുജനങ്ങൾക്ക് സ്വന്തം നിലയിലോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ താലൂക്ക് ഓഫീസുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ഡിസംബർ 19നാണ് ജില്ലയിൽ അദാലത്ത് തുടങ്ങുന്നത്. മന്ത്രിമാരായ പി രാജീവ്, പി പ്രസാദ് എന്നിവർ അദാലത്തിന് നേതൃത്വം നൽകും.
നിർദേശങ്ങൾ/അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യം/പിഎസ്‌സി വിഷയങ്ങൾ, വായ്പ എഴുതിത്തള്ളൽ, പൊലീസ് കേസുകൾ, പട്ടയങ്ങൾ, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായത്തിനുള്ള അപേക്ഷകൾ, ചികിത്സാസഹായം ഉൾപ്പെടെയുള്ള അപേക്ഷകൾ, ജീവനക്കാര്യം (സർക്കാർ), റവന്യു റിക്കവറി- വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നിവ ഒഴികെയുള്ള വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുക. ജൂനിയർ സൂപ്രണ്ട് അബ്ദുൾ ജബ്ബാർ പരിശീലനത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..