പെരുമ്പാവൂർ
സംസ്ഥാന അധ്യാപക അവാർഡ് പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ മലയാളം അധ്യാപിക കെ എ തസ്മിന് . പാഠ്യ പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം, മാതൃകാ ക്ലാസ് അവതരണം, അഭിമുഖം എന്നിവ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. പുരസ്കാരം ലഭിച്ചതറിഞ്ഞ് അഭിനന്ദനങ്ങള്‍ക്ക് നടുവിലാണ് തസ്മിന്‍.
അധ്യാപനം ക്ലാസ്‌മുറിയിലൊതുക്കാതെ വിദ്യാര്‍ഥികളെ പുറംലോകവും പരിചയപ്പെടുത്തുന്ന രീതിയാണ് ഈ അധ്യാപികയുടേത്. വരമൊഴി മലയാളം, വരയും കുറിയും, മണ്ണെഴുത്ത് തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. കുട്ടികളുടെ മികച്ച പഠനപ്രവർത്തനങ്ങൾ മാസികകളിൽ പ്രസിദ്ധീകരിച്ചു. ഹ്യൂമൻ ലൈബ്രറി എന്ന ആശയം വിദ്യാലയത്തിൽ നടപ്പാക്കി. സാംസ്കാരികരംഗത്തെ പ്രമുഖരുമായി സംവദിക്കാൻ വിദ്യാർഥികൾക്ക് അവസരം സൃഷ്ടിച്ചു. ഹരിതവനം പദ്ധതിയിലൂടെ 1000 വൃക്ഷങ്ങളും 500 മുളകളും നട്ടു.
"സുമയ്യ' എന്ന ബാലസാഹിത്യ നോവലും തസ്മിൻ രചിച്ചു. നോവലിന് 2021ൽ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ജോസഫ് മുണ്ടശ്ശേരി അവാർഡ്, സാംസ്കാരികവകുപ്പിന്റെ സഹോദരൻ അയ്യപ്പൻ അവാർഡ്, എം എസ് കുമാർ അവാർഡ് എന്നിവ ലഭിച്ചു. ഒ വി വിജയൻ കവിതാപുരസ്കാരം, യുസി കോളേജ് പ്രതിഭാ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ഡ്യൂഡിൽ ബഗ്, കണ്ടൻ പറയുന്നതെന്തെന്നാൽ, ചിറകുള്ള വീട്, പുള്ളിക്കുടയും കൂട്ടുകാരും ഉൾപ്പെടെ 14 പുസ്തകം തസ്മിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരോഗമന കലാസാഹിത്യസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയും വനിതാസാഹിതി ജില്ലാ കമ്മിറ്റി അംഗവുമായ തസ്മിന്‍, കൊടുങ്ങല്ലൂർ അഴീക്കോട് കല്ലിങ്കൽ അബ്ദുൾ റഹ്മാന്റെയും ആമിയുടെയും മകളാണ്. ഭർത്താവ്: പറവൂർ സ്വദേശി ഷിഹാബ്. മക്കൾ: മുഹമ്മദ് സൽമാൻ, മുഹമ്മദ് റിസ്‍വാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..