പറവൂർ
പുല്ലംകുളത്ത് നഗരസഭയുടെ അംബേദ്കർ പാർക്ക് മാലിന്യസംഭരണകേന്ദ്രമായി മാറുന്നു. മാലിന്യങ്ങൾ പലയിടങ്ങളിലായി കുന്നുകൂടി കിടക്കുന്നത് പാർക്കിലെത്തുന്നവർക്ക് ബുദ്ധിമുട്ടാകുകയാണ്. പുലർച്ചെയും വൈകിട്ടും നൂറുകണക്കിനുപേരാണ് വ്യായാമം ചെയ്യുന്നതിന് ഇവിടെയെത്തുന്നത്. മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതിനാൽ മൂക്കുപൊത്തിയാണ് പലരും ഇവിടെയെത്തുന്നത്. അനുദിനം നാശത്തിന്റെ വക്കിലാണ് അംബേദ്കർ പാർക്ക്.
പാർക്കും പരിസരവും സംരക്ഷിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല. പലഭാഗങ്ങളിലും കാടുകയറി. പുതിയ കളിയുപകരണങ്ങള്‍ എത്തിക്കാനും നഗരസഭ നടപടിയെടുക്കുന്നില്ല.
സ്‌കൂൾ വിദ്യാർഥികൾക്ക് ശാസ്ത്രവും ഗണിതശാസ്ത്രവും പഠിക്കാൻ ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സയൻസ് പവിലിയൻ പൂർണമായി നശിച്ചു. വേദിക്കുപിന്നിൽ മരത്തടി കൂട്ടിയിട്ടതിനാൽ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം.ഓപ്പൺ ജിം, മിനി മാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കാൻ ജിസിഡിഎ ബജറ്റിൽ തുക ഉൾക്കൊള്ളിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. പാർക്കിലെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ കൂട്ടിയിട്ട മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..