കോതമംഗലം
കോതമംഗലം മാർ തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിന് വെള്ളിയാഴ്ച കൊടിയിറങ്ങും. എൽദോ മാർ ബസേലിയോസ് ബാവ 339 വർഷംമുമ്പ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ചെറിയപള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ചക്കാലക്കുടി നായർ വഴികാട്ടിയതിന്റെ സ്മരണയ്‌ക്കായി അവരുടെ തലമുറക്കാരൻ പി എസ് സുരേഷ് പ്രദക്ഷിണത്തിൽ തൂക്കുവിളക്കേന്തി. കഴിഞ്ഞ 20 വർഷമായി സുരേഷ് വിളക്കേന്തുന്നു.
ചെറിയപള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം കിഴക്കേ അങ്ങാടി, കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടിയിലെ ബാവായുടെ നാമത്തിലുള്ള ചാപ്പൽ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെയെത്തി. കോതമംഗലം മേഖലാ മൊത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ് ആശീർവദിച്ചു. പ്രദക്ഷിണത്തിന് ചെറിയപള്ളി വികാരി ജോസ് പരത്തുവയലിൽ,
സഹവികാരിമാരായ ജോസ് തച്ചേത്തുകുടി, ഏലിയാസ് പൂമറ്റത്തിൽ, ബിജോ കാവാട്ട്, ബേസിൽ ഇട്ടിയാണിക്കൽ എന്നിവർ നേതൃത്വം നൽകി.
വെള്ളി രാവിലെ ഏഴിന് പ്രഭാതനമസ്കാരം, എട്ടിന് മൂന്നിൻമേൽ കുർബാനയ്‌ക്ക്- മാത്യൂസ് മോർ ഈവാനിയോസ് മെത്രാപോലീത്ത കാർമികത്വം വഹിക്കും. തുടർന്ന് പാച്ചോറ് നേർച്ച, വൈകിട്ട് നാലിന് കൊടിയിറങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..