ആലുവ
ആലുവ മുനിസിപ്പൽ സ്റ്റേഡിയം ടർഫ് ആക്കി മാറ്റാനുള്ള നഗരസഭ തീരുമാനത്തിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി നഗരസഭയുടെ വിശദീകരണം തേടി. സിപിഐ എം ആലുവ ഏരിയ കമ്മിറ്റി അംഗം രാജീവ് സഖറിയയാണ് പൊതു സ്റ്റേഡിയം ടർഫ് ആക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജനങ്ങള്‍ കായിക വിനോദത്തിനും വ്യായാമത്തിനും പരിശീലനത്തിനും മത്സരങ്ങൾക്കും ആശ്രയിക്കുന്നത് മുനിസിപ്പൽ സ്റ്റേഡിയത്തെയാണ്. ജില്ല, ഉപജില്ലാ ഫുട്ബോൾ മത്സരങ്ങൾ, വിദ്യാലയങ്ങളുടെ കായികമേള എന്നിവ നടക്കുന്നത് ഈ മൈതാനത്താണ്. പ്രകൃതിദത്ത പുൽത്തകിടി മാറ്റി സിന്തറ്റിക് ടർഫ് പാകി മൈതാനം ഫുട്ബോളിന് മാത്രമാക്കാനാണ് നഗരസഭയുടെ നീക്കം.
ആർട്ടിഫിഷൽ ടർഫ് പരിപാലിക്കാന്‍ വന്‍ ചെലവുണ്ടാകും. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാത്ത ആലുവ നഗരസഭ, പുതുതായി നിർമിച്ച ഓപ്പൺ എയർ സ്റ്റേജിന്റെ വാടകയിനത്തിൽ ലഭിക്കുന്ന 5000 രൂപ ടർഫിനായി വിനിയോഗിക്കുമെന്നാണ് പറയുന്നത്. ആവശ്യമായ തുക ഇതിൽനിന്ന് ലഭ്യമാകില്ലെന്ന സത്യം മറച്ചാണ് നഗരസഭ മുന്നോട്ടുപോകുന്നത്. ഫുട്ബോൾ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ടർഫുകൾ കളിക്കാരുടെ കാര്യക്ഷമത കുറയ്ക്കും. കായികപ്രേമികളെ ദുരിതത്തിലാക്കുന്ന നഗരസഭയുടെ തീരുമാനവും ടർഫ് ആക്കുന്നതിനുള്ള നടപടികളും സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. അഭിഭാഷകനായ എം ജനാർദന ഷേണായി ഹർജിക്കാരനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായി.
അശോക ഗ്രൗണ്ട് കളിസ്ഥലമായി നിലനിർത്തണം
ചൂർണിക്കര പഞ്ചായത്തിലെ അശോക ഗ്രൗണ്ട് കളിസ്ഥലമായി നിലനിർത്തണമെന്ന് സിപിഐ എം ചൂർണിക്കര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യു, തദ്ദേശ സ്വയംഭരണ മന്ത്രിമാർക്കും ലോക്കൽ കമ്മിറ്റി നിവേദനം നൽകി. ചൂർണിക്കരയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെട്ട ഭൂരഹിതർക്ക് വീടിനായി അനുയോജ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ചൂർണിക്കരയിൽ മറ്റു കളിസ്ഥലം നിലവിലില്ല. കൊടികുത്തുമലയിലെ 40 സെന്റ് പൊതുസ്ഥലം കളിസ്ഥലമാക്കി, അശോക ഗ്രൗണ്ട് വീട് നിർമിക്കാൻ നൽകണം എന്നാണ് ചിലർ ആവശ്യപ്പെടുന്നത്.
കൊടികുത്തുമലയിൽ ലക്ഷംവീടുകാർക്ക് പൊതു ആവശ്യത്തിന് നീക്കിവച്ചതാണ് 40 സെന്റ്. ഇത് പൊതു കളിസ്ഥലമായി ഉപയോഗിക്കാൻ കഴിയില്ല.
ചൂർണിക്കര പഞ്ചായത്തിൽ 16–--ാംവാർഡിൽ ദേശായി ഫ്ലാറ്റിനുസമീപം 72 സെന്റ് റവന്യു ഭൂമി എസ്‌പിഡബ്ല്യു എച്ച്എസ് സ്‌കൂളിന് എതിർവശം 24 സെന്റ്, 10–--ാംവാർഡിൽ 24 സെന്റ്, 13–--ാംവാർഡിൽ 10 സെന്റ് കണ്ടെത്തി ലൈഫ് പദ്ധതിക്കായി ഏറ്റെടുക്കണം. 50 വർഷമായുള്ള അശോക ഗ്രൗണ്ട് കളിസ്ഥലമായിത്തന്നെ നിലനിർത്തണമെന്നും സിപിഐ എം ചൂർണിക്കര ലോക്കൽ സെക്രട്ടറി പി എ മുഹമ്മദ് നാസർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..