മുളന്തുരുത്തി
മുളന്തുരുത്തി സഹകരണ ബാങ്കിൽ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതിൽ ഭരണസമിതി അംഗങ്ങളായ കോൺഗ്രസ് നേതാക്കൾക്കെതിരെ മുളന്തുരുത്തി പൊലീസ് കേസെടുത്തു.ജാമ്യക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് അംഗങ്ങളുടെ പേരിൽ ബാങ്കിൽനിന്ന് 10 കോടിയോളം രൂപയാണ് വായ്പയെടുത്തത്. മുളന്തുരുത്തി പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന റെഞ്ചി കുര്യനും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും എതിരെയാണ് കേസ്.
ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും അടക്കമുള്ള ഐഎൻടിയുസി, കോൺഗ്രസ് പ്രവർത്തകരായ 13 പേരാണ് പരാതിക്കാർ. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ റെഞ്ചി കുര്യൻ ഭരണസമിതി അംഗമായിരുന്ന 2014-–-19 കാലയളവിലാണ് തട്ടിപ്പുകൾ നടന്നത്. 3 സ്ഥലങ്ങൾ ഈട് നൽകി 19 പേർക്കാണ് വായ്പ നൽകിയത്.
വായ്പയ്ക്ക്ജാമ്യം നിൽക്കുകയാണ് എന്നുപറഞ്ഞാണ് ഒപ്പിട്ടുവാങ്ങിയതെന്ന് പരാതിക്കാർ പറഞ്ഞു. കുടിശ്ശികയുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ പേരിലാണു വായ്പയെന്ന് അറിഞ്ഞതെന്നും ഭരണസമിതിയുടെ ഒത്താശയോടെയാണ് തട്ടിപ്പെന്നും പരാതിക്കാർ ആരോപിച്ചു. റെഞ്ചി കുര്യന്റെ ഭാര്യയുടെ പേരിലുള്ള 18.21 സെന്റിന്റെ ഈടിൽ 20 ലക്ഷംവീതം 11 പേർക്കും റെഞ്ചി കുര്യന്റെ പേരിലുള്ള 2.2 സെന്റ് സ്ഥലത്തിന്റെ ഈടിൽ 6 പേർക്കും വായ്പ നൽകിയിട്ടുണ്ട്. 20 സെന്റ് ഈടുവാങ്ങി രണ്ടുപേർക്ക് വായ്പ നൽകിയതോടെ മൂന്ന് സ്ഥലങ്ങൾക്കായി 9.24 കോടി രൂപ ബാധ്യതയുണ്ട്.
റെഞ്ചി കുര്യനെക്കൂടാതെ ഭാര്യ സീന ജേക്കബ്, ബാങ്ക് സെക്രട്ടറിയായിരുന്ന ഓമന പൗലോസ്, സി ജെ കുര്യാക്കോസ്, സുധാ രാജേന്ദ്രൻ, സൂസി പീറ്റർ, ടി ജെ മാണി, ജോർജ് തോമസ്, ജോളി വർഗീസ് എന്നിവർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.തട്ടിപ്പുകാലയളവിൽ ബാങ്ക് ഭരണസമിതിലുണ്ടായിരുന്ന നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രതീഷ് കെ ദിവാകരൻ എന്നിവർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധമുണ്ട്.പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ തുടർദിവസങ്ങളിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..