27 December Friday

അങ്കമാലി–കുണ്ടന്നൂർ ബൈപാസ്‌ : 
 അതിർത്തിനിർണയം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


കൊച്ചി
ദേശീയപാത 544ന്റെ ഭാഗമായ അങ്കമാലി–-കുണ്ടന്നൂർ ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കലിനുള്ള അതിർത്തിനിർണയം തുടങ്ങി. അങ്കമാലി–-മഞ്ഞപ്ര പാതയിൽ മുല്ലശേരി പാലത്തിനുസമീപം എസ്എൻഡിപി ഭാഗത്ത് തിങ്കളാഴ്ച കല്ലുകളിട്ടായിരുന്നു തുടക്കം. ആദ്യദിനം 500 മീറ്ററോളം ദൂരത്തിൽ 35 കല്ലുകളിട്ടു. കനത്ത മഴയിൽ പ്രവർത്തനങ്ങൾ തടസപ്പെട്ടെങ്കിലും വരുംദിവസങ്ങളിൽ സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

അതിർത്തിനിർണയം പൂർത്തിയാക്കിയശേഷം സർവെ നടപടികൾ ആരംഭിക്കും. തുടർന്ന്‌ ഏറ്റെടുക്കുന്ന ഓരോ ഭൂമിയും പ്രത്യേകം പരിഗണിച്ച്‌ നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികളിലേക്ക്‌ കടക്കും. ദേശീയപാത 66 ഡെപ്യൂട്ടി കലക്ടർക്കാണ്‌ അങ്കമാലി–-കുണ്ടന്നൂർ ബൈപാസ്‌ ഭൂമി ഏറ്റെടുക്കലിന്റെയും ചുമതല.
അങ്കമാലിയിലെ കരയാംപറമ്പുമുതൽ നെട്ടൂർവരെ 45 മീറ്റർ വീതിയിൽ 44.7 കിലോമീറ്ററാണ്‌ പാത നിർമിക്കുക. 290 ഹെക്ടർ ഭൂമി ഏറ്റെടുക്കും. സർവീസ്‌ റോഡ്‌ ഉൾപ്പെടെ ആറുവരിപ്പാതയാണ്‌ നിർമിക്കുന്നത്‌. അങ്കമാലി, കറുകുറ്റി, മറ്റൂർ, കിഴക്കുംഭാഗം, കുരിക്കാട്, മരട് തെക്കുംഭാഗം, വടക്കുംഭാഗം, തിരുവാങ്കുളം, തുറവൂർ, ഐക്കരനാട് നോർത്ത്, ഐക്കരനാട് സൗത്ത്, അറയ്ക്കപ്പടി, മാറമ്പിള്ളി, പട്ടിമറ്റം, തിരുവാണിയൂർ, വടവുകോട്, വെങ്ങോല എന്നീ വില്ലേജുകളിലൂടെ പാത കടന്നുപോകും. 4650 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വിവിധയിടങ്ങളിലായി 15 പാലങ്ങൾ നിർമിക്കും.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. നഷ്ടപരിഹാരം, അടിപ്പാതകളുടെ നിർമാണം ഉൾപ്പെടെ പ്രാദേശികമായി ചർച്ചചെയ്ത്‌ തീരുമാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top