കോതമംഗലം
മുസ്ലിംലീഗ് കോതമംഗലം നിയോജകമണ്ഡലം നേതൃസംഗമം തമ്മിലടിയെത്തുടർന്ന് അലങ്കോലപ്പെട്ടു. ലീഗ് നിയോജകമണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്, ശാഖ, പോഷകസംഘടന ഭാരവാഹികൾ, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന നേതൃസംഗമമാണ് തമ്മിൽത്തല്ലിലും കൈയാങ്കളിയിലും അലസിപ്പിരിഞ്ഞത്. ബുധൻ വൈകിട്ട് നാലിന് ഒദ്യോഗികവിഭാഗം നേതാക്കളായ ജില്ലാ വൈസ് പ്രസിഡന്റ് കെ എം ഇബ്രാഹിം, പുതിയ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ, ജനറൽ സെക്രട്ടറി കെ എം കുഞ്ഞുബാവ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്.
കബീർവിഭാഗം നേതാക്കളായ മുൻ നിയോജകമണ്ഡലം പ്രസിഡന്റ് പി എം മൈതീൻ, ജനറൽ സെക്രട്ടറി പി എം സഖരിയ, മുൻ ജില്ലാ പ്രവർത്തകസമിതി അംഗം കെ എം ആസാദ് എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ സമ്മേളനസ്ഥലത്ത് പ്രതിഷേധമായി എത്തി. മരിച്ച പ്രവർത്തകനെയും അനർഹരെയും ആക്ഷേപമുള്ളവരെയും ക്രിമിനൽ കേസിലുള്ളവരെയും ഉൾപ്പെടുത്തി സംസ്ഥാന കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയെ ചന്ദ്രിക പത്രത്തിലൂടെ ഓദ്യോഗികവിഭാഗം പ്രഖ്യാപിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വിമതവിഭാഗം ആക്ഷേപം ഉന്നയിച്ചതോടെ കസേരകൾ വലിച്ചെറിഞ്ഞ് ചേരിതിരിഞ്ഞ് അടിതുടങ്ങി. സംഘർഷമുണ്ടായതോടെ കോതമംഗലം പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും ഒഴിവാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..