05 December Thursday

ഈയത്തിനുപകരം സ്റ്റെയിൻലെസ് സ്റ്റീൽ ; മീൻവലകളിലെ ഈയക്കട്ടിക്ക് 
ബദലുമായി സിഫ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


കൊച്ചി
മീൻവലകളിൽ ഉപയോഗിക്കുന്ന വിഷാംശമുള്ള ഈയക്കട്ടികൾക്ക് ബദൽ സംവിധാനവുമായി കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനം ഐസിഎആർ- സിഫ്റ്റ്. ഈയത്തിനുപകരം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് സിഫ്റ്റ്‌ നടത്തുന്ന പരീക്ഷണങ്ങൾ വിജയംകണ്ടു. വിവിധ രാജ്യങ്ങൾ ഈയം പിടിപ്പിച്ച വലകളും ചൂണ്ടകളും ഉപയോഗിക്കുന്നത് നിരോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഏറെനാളത്തെ പരീക്ഷണത്തിനൊടുവിൽ ബദൽ സംവിധാനം കണ്ടെത്തിയത്‌. പുതിയ സംവിധാനം ഇന്ത്യയിൽ നടപ്പാക്കാനുള്ള പദ്ധതികൾ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതിക്കായി സിഫ്റ്റ്‌ സമർപ്പിച്ചു.  

സംരംഭം രാജ്യത്തെ മത്സ്യബന്ധന രീതികളെ ആഗോള പാരിസ്ഥിതിക നിലവാരവുമായി യോജിപ്പിക്കുകയും രാജ്യത്തിന്റെ സമുദ്രോൽപ്പന്ന കയറ്റുമതി വിപണിയെ സംരക്ഷിക്കുകയും ചെയ്യുമെന്ന് സിഫ്റ്റിലെ ഫിഷിങ് ടെക്നോളജി വിഭാഗം മേധാവി ഡോ. എം പി രമേശൻ പറഞ്ഞു.ഒരു പേഴ്സീൻ വലയിൽ ആയിരം കിലോയിലധികം ഈയം ഉപയോഗിക്കുന്നു. ട്രോൾവലകളിൽ 70 കിലോവരെ ഈയം ഉപയോഗിക്കുന്നവരുണ്ട്. വലകൾ സമുദ്രത്തിനടിയിലൂടെ നിരന്തരം വലിക്കുമ്പോൾ പകുതിയോളം ഈയം ആറുമാസത്തിനകം തേയ്‌മാനംമൂലം നഷ്ടപ്പെടുന്നുവെന്നാണ്‌ മത്സ്യത്തൊഴിലാളികൾ പറയുന്നത്‌. ഇതുമൂലമുണ്ടാകുന്ന മലിനീകരണം സമുദ്രജീവികളെ ബാധിക്കുകയും ചെയ്യും. 

സുസ്ഥിര മത്സ്യബന്ധന സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള സിഫ്റ്റിന്റെ നൂതന സമീപനം സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചുവടുവയ്‌പ്പുകൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top