കൊച്ചി
ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസുകൾകൂടി വ്യാഴാഴ്‌ച സ്‌മാർട്ടാകും. പെരുമ്പാവൂർ, കടമക്കുടി, കുമ്പളങ്ങി വില്ലേജ് ഓഫീസുകളാണ് സ്‌മാർട്ടാകുക. സാധാരണ വില്ലേജ് ഓഫീസുകളിൽനിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമേ ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ശുചിമുറി എന്നിവ ഉറപ്പാക്കുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുപുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസുരഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
പെരുമ്പാവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വ്യാഴം രാവിലെ 10ന് വില്ലേജ് ഓഫീസ് അങ്കണത്തിൽ റവന്യുമന്ത്രി കെ രാജൻ നിർവഹിക്കും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനാകും. കടമക്കുടി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം പകൽ മൂന്നിന് പിഴല മൂർത്തിങ്കൽ ശ്രീവൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ റവന്യുമന്ത്രി കെ രാജൻ നിർവഹിക്കും. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ അധ്യക്ഷനാകും.
കുമ്പളങ്ങി സ്മാർട്ട് വില്ലേജ് ഓഫീസിന്റെയും തോപ്പുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണത്തിന്റെയും ഉദ്ഘാടനം പകൽ 3.30ന് കുമ്പളങ്ങി വില്ലേജ് ഓഫീസ് അങ്കണത്തിൽ റവന്യുമന്ത്രി കെ രാജൻ നിർവഹിക്കും. കെ ജെ മാക്‌സി എംഎൽഎ അധ്യക്ഷനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..