28 November Thursday

ഇവിടെ ഓണത്തിന് വീടുകളിൽ പൂക്കളെത്തും

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024



തൃക്കാക്കര
ഓണാഘോഷത്തിന് തൃക്കാക്കര നഗരസഭ രണ്ടാംവാർഡിലെ എല്ലാ വീട്ടിലും വാർഡ് കൗൺസിലറുടെ വക പൂക്കളെത്തും. കൗൺസിലർ അജുന ഹാഷിമിന്റെ നേതൃത്വത്തിൽ 30 സെന്റോളം ചെയ്ത ചെണ്ടുമല്ലിക്കൃഷിയുടെ ആദ്യ വിളവെടുപ്പ് വെള്ളിയാഴ്‌ച നടക്കും. വാർഡിലെ എല്ലാവർക്കും പൂന്തോട്ടത്തിൽ വന്ന് പൂക്കൾ സൗജന്യമായി ശേഖരിക്കാനാകും.

വാർഡിലെ രണ്ടിടത്തായുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത് തൃശൂരിൽനിന്ന്‌ എത്തിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 650 ഓളം ചെണ്ടുമല്ലി ചെടികളാണ് കൃഷി ചെയ്തത്.
തൃക്കാക്കര കൃഷിഭവന്റെയും തൃക്കാക്കര നഗരസഭയുടെയും സഹായത്തോടെയായിരുന്നു പൂക്കൃഷി.

ഓണക്കാലത്ത് പൂവിനായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതിനാൽ പൂക്കൾക്ക് തീവിലയാണ്. സാധാരണസമയങ്ങളിൽ ചെണ്ടുമല്ലിയുടെ വില കിലോയ്ക്ക് 40 രൂപയെങ്കില്‍ ഓണക്കാലത്ത് അത് 300 വരെയാകും. അമിതവില കൊടുത്ത്‌ പൂക്കൾ വാങ്ങേണ്ടിവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉപയോഗശൂന്യമായിക്കിടന്ന സ്ഥലങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പൂക്കൃഷിക്ക്‌ സജ്ജമാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top