16 September Monday

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയില്ല ; തൃക്കാക്കര നഗരസഭയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തീരുമാനിച്ച തുക നൽകാത്തതിൽ തൃക്കാക്കര നഗരസഭയിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിക്കുന്നു


തൃക്കാക്കര
വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാത്തതിനെച്ചൊല്ലി തൃക്കാക്കര നഗരസഭയിൽ  എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. കഴിഞ്ഞവർഷത്തെ ഓണാഘോഷപരിപാടികളുടെ കണക്ക് അവതരിപ്പിക്കാതെ വീണ്ടും ഓണാഘോഷം നടത്തുന്നതിൽ യുഡിഎഫ് അംഗം സി സി വിജു എതിർപ്പ് അറിയിച്ചു.
ഓണാഘോഷത്തിന്‌ സർക്കാർ അനുമതി വാങ്ങാനുള്ള അജൻഡയാണ് വ്യാഴം രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ ചർച്ചയ്‌ക്കെടുത്തത്.

വയനാട് ദുരന്തപശ്ചാത്തലത്തിൽ ഓണാഘോഷം മാറ്റിവച്ച് 50 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ രണ്ടാഴ്ചമുമ്പ്‌ നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റിയറിങ്‌ കമ്മിറ്റി തീരുമാനിച്ചിരുന്നു. മൂന്നു കൗൺസിൽ യോഗങ്ങൾ കഴിഞ്ഞിട്ടും പണം നഗരസഭ ഇതുവരെ നൽകിയിട്ടില്ല. യുഡിഎഫിലെ ചില അംഗങ്ങൾ എതിർപ്പ് അറിയിച്ചതിനാലാണ്‌ പണം നൽകാത്തത്.

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നതിൽ തീരുമാനമെടുത്തശേഷം ബാക്കി അജൻഡ ചർച്ച ചെയ്താൽ മതിയെന്ന് കൗൺസിലിൽ എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. ആവശ്യം നിരാകരിച്ച്  ഓണാഘോഷ അജൻഡ ചർച്ചയ്‌ക്കെടുത്ത നഗരസഭാ അധ്യക്ഷയുടെ ഇരിപ്പിടത്തിനുമുന്നിലേക്ക്  എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി എത്തി.

അമ്പതുലക്ഷമല്ല, അഞ്ചുകോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകാമെന്ന യുഡിഎഫിലെ ഷാജി പ്ലാശേരിയുടെ പരിഹാസം വാക്കേറ്റത്തിനും കാരണമായി. തുടർന്ന് എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിച്ചു. എം കെ ചന്ദ്രബാബു, എം ജെ ഡിക്സൺ, ജിജോ ചിങ്ങംതറ, പി സി മനൂപ്, അജുന ഹാഷിം, റസിയ നിഷാദ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top