കളമശേരി
തുടർച്ചയായി യുഡിഎഫ് ഭരിക്കുന്ന കളമശേരി സഹകരണ ബാങ്കിൽ 371 വ്യാജ അംഗങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. 24നാണ് തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.
സംഘത്തിന്റെ പരിധിക്കു പുറത്ത് താമസിക്കുന്നവരും വ്യാജ ആധാരം നമ്പർ ഉപയോഗിച്ച് മെമ്പർഷിപ് എടുത്തവരും വോട്ടർപട്ടികയിൽ ഉള്ളതായി ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ ഭരണസമിതി അംഗത്തിന്റെ ശുപാർശയില്ലാതെയും ഭരണസമിതി തീരുമാനമില്ലാതെയും മെമ്പർഷിപ് നൽകിയതായും കണ്ടെത്തി. ഇത്തരത്തിലുള്ള 371 വ്യാജ അംഗങ്ങളെ ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സഹകാരികൾ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
തെരഞ്ഞെടുപ്പിനുമുന്നോടിയായി നവംബർ ഒന്നിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ഇതിന് സാധിക്കാത്തതിനെ തുടർന്ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ സമയം ദീർഘിപ്പിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് കണയന്നൂർ സഹകരണ സംഘം ജനറൽ വിഭാഗം അസി. രജിസ്ട്രാർ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു. തുടർന്ന് നവംബർ നാലുവരെ സമയം ദീർഘിപ്പിച്ചെങ്കിലും ഈ സമയപരിധിയിലും അന്തിമപട്ടിക പ്രസിദ്ധീകരിക്കാനായില്ല. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് അസിസ്റ്റന്റ് രജിസ്ട്രാർ വീണ്ടും കത്തയച്ചു.അംഗങ്ങൾക്ക് നോട്ടീസ് അയച്ച്, അവരുടെ രേഖകൾ പരിശോധിച്ച് തീർപ്പാക്കാൻ കൂടുതൽ സമയം വേണമെന്നതിനാലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..