23 December Monday

ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച്‌ ഒഡിഷ സ്വദേശി മരിച്ചു; 3 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


ആലുവ
എടയാർ വ്യവസായമേഖലയിലെ ടാലോ ഓയിൽ ഉൽപ്പാദന ഫാക്ടറിയിലെ മിനി ബോയിലർ പൊട്ടിത്തെറിച്ച് അതിഥിത്തൊഴിലാളി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഒഡിഷ കന്ധമാൽ സിരിക്കി ക്ലബ് സ്വദേശി ബിക്രം പ്രധാനാണ്‌ (36) മരിച്ചത്. ഇതേ നാട്ടുകാരായ ഗുരു (35), പ്രണവ്‌ (20), കൃഷ്ണ (20) എന്നിവർക്ക്‌ പൊള്ളലേറ്റു.  ഇവരെ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ രണ്ടുപേർക്കും യഥാക്രമം 35, 25 ശതമാനം പൊള്ളലുണ്ട്‌. പൊള്ളൽ ചികിത്സാലയത്തിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്‌ ഇരുവരും. കൃഷ്‌ണയെ പ്രാഥമികചികിത്സ നൽകി വിട്ടു.

മൃഗക്കൊഴുപ്പ് സംസ്കരിച്ച് ടാലോ ഓയിൽ നിർമിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക്സ് കമ്പനിയുടെ ഫാക്ടറിയിൽ ശനി അർധരാത്രിയാണ്‌ അപകടം. ഉൽപ്പാദനത്തിനിടെ മർദം താങ്ങാനാകാതെ മിനി ബോയിലർ പൊട്ടിത്തെറിച്ചെന്നാണ്‌ പ്രാഥമികനിഗമനം. സ്റ്റീമർ ബോയിലറിന്റെ ഭാഗങ്ങളും അതിലെ തിളച്ച വെള്ളവും വീണ്‌ ഗുരുതര പരിക്കേറ്റ ബിക്രം പ്രധാൻ, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഏലൂർ അഗ്നി രക്ഷാസേനയും ബിനാനിപുരം പൊലീസും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ 108 ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്‌.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്‌ ഉദ്യോഗസ്ഥരും ഫാക്ടറീസ് ആൻഡ്‌ ബോയിലേഴ്സ് വകുപ്പ് എറണാകുളം റീജണൽ ജോയിന്റ്‌ ഡയറക്ടർ നിധീഷ് ദേവരാജിന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി. അനുമതിയോ രജിസ്ട്രേഷനോ ഇല്ലാതെയാണ് ബോയിലർ സ്ഥാപിച്ചതെന്നും ഇതിന്റെ സുരക്ഷാവാൽവ് സംവിധാനം പ്രവർത്തനരഹിതമായിരുന്നതായും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഫാക്ടറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്‌പിച്ചു. രജിസ്ട്രേഷനോടുകൂടിയ ബോയിലർ സ്ഥാപിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ വീണ്ടും പരിശോധന നടത്തി പ്രവർത്തനാനുമതി നൽകും. തിങ്കളാഴ്ച വിശദപരിശോധന ഉണ്ടാകും.
 

വ്യവസായമേഖല നടുങ്ങി
അർധരാത്രിയിൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി എടയാർ വ്യവസായമേഖലയെ നടുക്കി. പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന്‌ പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബിക്രം പ്രധാൻ മരിച്ചിരുന്നു.രാത്രിയും പ്രവർത്തിച്ചിരുന്ന ഫാക്ടറിയിൽ നാല് തൊഴിലാളികൾമാത്രമാണ് ഉണ്ടായിരുന്നത്. പ്രധാന ചുമതലക്കാർ ആരുമുണ്ടായിരുന്നില്ല. മെഴുകുതിരി, സോപ്പ് എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ടാലോ ഓയിലാണ് ഇവിടെ നിർമിച്ചിരുന്നത്. മൃഗക്കൊഴുപ്പ് സംസ്കരിച്ചാണ് ഇവ തയ്യാറാക്കുന്നത്. എടയാർ വ്യവസായമേഖലയിലെ ഫാക്ടറികളിൽ സുരക്ഷ ശക്തമാക്കണമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ആവശ്യപ്പെട്ടു. കമ്പനികളിലെ ബോയിലർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
 

മന്ത്രി റിപ്പോർട്ട്‌ തേടി
എടയാർ വ്യവസായമേഖലയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ജില്ലാ വ്യവസായകേന്ദ്രം മാനേജരോട്‌ റിപ്പോർട്ട്‌ തേടിയതായി വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top