07 October Monday

വനിതാ പൊലീസിന്റെ ചങ്ങാതിയായി ‘അമിഴ്‌തിനി’

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


കൊച്ചി
വനിതാ പൊലീസ്‌ കൂട്ടായ്‌മയുടെ ഇരുപതാം വാർഷികാഘോഷത്തിൽ ‘സൂപ്പർസ്റ്റാറാ’യി രണ്ടരവയസ്സുകാരി അമിഴ്‌തിനി. അമ്മ കോസ്റ്റൽ സെക്യൂരിറ്റി എഐജി ജി പൂങ്കുഴലിയുടെ ഒക്കത്തിരുന്നാണ്‌ അമിഴ്‌തിനി വേദിയിലെത്തിയത്‌. തൃശൂർ പൊലീസ് അക്കാദമിയിൽ 2004ൽ പരിശീലനം പൂർത്തിയാക്കിയ വനിതാ പൊലീസ് ബാച്ചിന്റെ 20–-ാം വാർഷികാഘോഷം ‘അഴകോടെ ഇരുപത് 24' ഉദ്‌ഘാടനത്തിനാണ്‌ പൂങ്കുഴലി മകളുമായി എത്തിയത്‌. മകളെ ഒക്കത്തിരുത്തിയായിരുന്നു ഉദ്‌ഘാടനപ്രസംഗവും. ഇടയ്‌ക്ക്‌ താഴെനിർത്തിയപ്പോൾ കരഞ്ഞുകൊണ്ട്‌ വീണ്ടും അമ്മയുടെ ഒക്കത്തേറിയ അമിഴ്‌തിനിയെ സദസ്സ്‌ കൈയടികളോടെ വരവേറ്റു.

പൊലീസിന്റെ ഭാഗമാകുന്ന സ്‌ത്രീകൾക്കുവേണ്ടത്‌ കുടുംബത്തിന്റെ പൂർണപിന്തുണയാണെന്ന്‌ ജി പൂങ്കുഴലി പറഞ്ഞു. തിരുവനന്തപുരം സിറ്റി സീനിയർ സിപിഒ വി ലത അധ്യക്ഷയായി. ബോൾഗാട്ടി പാലസ് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ജില്ലകളിൽനിന്നായി നൂറ്റി ഇരുപതിലധികംപേർ പങ്കെടുത്തു. വിരമിക്കുന്ന ഉദ്യോഗസ്ഥരെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്‌പി കെ ഇ ബൈജു ആദരിച്ചു. കൊച്ചി സിറ്റി ഡിസിപി കെ എസ് സുദർശൻ, എസിപി പി രാജ്കുമാർ എന്നിവർ സംസാരിച്ചു. തൃശൂർ റൂറൽ എസ്‌സിപിഒ റീമ റാഫേൽ, തിരുവനന്തപുരം സിറ്റി എസ്‌സിപിഒമാരായ ആർ ഗിരിജ, എസ് മനോന്മണി, തിരുവനന്തപുരം റൂറൽ എസ്‌സിപിഒ അജിതകുമാരി, കാസർകോട്‌ എസ്‌സിപിഒ ഷൈലജ എന്നിവർ സംസാരിച്ചു.

358 പേരാണ് 2004ൽ ഏഴാംബാച്ചായി പരിശീലനം പൂർത്തിയാക്കിയത്. പലരും പരിശീലനത്തിനുശേഷം പരസ്‌പരം കാണുന്നതും ഇപ്പോഴാണ്‌. ‘റോയൽ സെവൻത് ബാച്ച്' വാട്സാപ് ഗ്രൂപ്പിലൂടെ കൂട്ടായ്‌മ നിലനിർത്തുന്ന ഇവർ ചികിത്സാസഹായം, അന്തരിച്ച സഹപ്രവർത്തകരുടെ മക്കൾക്ക്‌ ധനസഹായം തുടങ്ങിയ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top