22 December Sunday

രാജിയും സ്മിജയും ഇവിടെയുണ്ട്‌; മത്സ്യമേഖലയിലെ വിജയഗാഥയുമായി

ആർ ഹേമലതUpdated: Monday Mar 8, 2021

കൊച്ചി> മത്സ്യക്കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ വിജയകരമായി നടപ്പാക്കിയവരാണ്‌ അങ്കമാലി പീച്ചാനിക്കാട് സ്വദേശിനി രാജി ജോർജും മൂത്തകുന്നം സ്വദേശിനി എം ബി സ്മിജയും. കൃഷിയോടുള്ള താൽപ്പര്യവും സർക്കാരിന്റെ പിന്തുണയും ചേർന്നപ്പോൾ  ഇരുവരും മാതൃകാ കർഷകരായി. വനിതാ ദിനത്തിൽ ഇരുവരെയും സിഎംഎഫ്‌ആർഐ ആദരിക്കും.

സമ്മിശ്ര കൃഷിയുടെ ലോകത്തിലേക്ക്‌ രാജി ചുവടുവച്ചപ്പോൾ കർഷക പാരമ്പര്യമുള്ള ഭർത്താവ്‌ ജോർജ്‌ ആന്റണിയും കുഞ്ഞുമക്കളും കട്ടയ്‌ക്ക്‌ ഒപ്പംനിന്നു. കുടുംബസ്വത്തായി കിട്ടിയ ഒരേക്കർ ക്വാറിയായിരുന്നു അതുവരെയുള്ള വരുമാനം. അത്‌ പ്രതിസന്ധിയിലായതോടെ  പ്രദേശം തരിശുഭൂമിയായി. നാട്ടുകാരുടെ മാലിന്യങ്ങൾ പറമ്പിൽ കൂമ്പാരമാകുന്നത്‌ ഒഴിവാക്കാനായി കൃഷി തുടങ്ങിയാലോ എന്നാലോചിച്ചു. കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ പിന്തുണ കൂടിയായപ്പോൾ മണ്ണുനിരത്തി വാഴക്കൃഷി ആരംഭിച്ചു. അതു വിജയിച്ചത്‌ പ്രചോദനമായി.

സിഎംഎഫ്‌ആർഐയിലെ പരിശീലനത്തിനുശേഷം കരിങ്കൽ ക്വാറിയിൽ മീൻ വളർത്തൽ യൂണിറ്റ്‌ തുടങ്ങി. തിലാപ്പിയ, വാള, കട്‌ല, രോഹു, മൃഗാൾ തുടങ്ങിയ മീനുകൾ എട്ടു കൂടുകളിലായി ‘അന്നാ അക്വാഫാമി’ൽ കൃഷി ചെയ്യുകയാണ്‌ രാജി ഇപ്പോൾ. ഹോം ഡെലിവറിയിലൂടെയും സാമൂഹ്യമാധ്യമങ്ങൾ വഴിയുമാണ് മീനുകളുടെ വിപണനം. ‘അന്നാ അഗ്രോ ഫാം’ എന്ന പേരിലുള്ള പച്ചക്കറിത്തോട്ടത്തിൽ തക്കാളി, വഴുതന, മുളക്, കാരറ്റ്, ഇഞ്ചി, മഞ്ഞൾ, കോളിഫ്ലവർ, കാബേജ്, കപ്പ തുടങ്ങിയവയാണ് പ്രധാന കൃഷി. കോഴി, താറാവ്, പശു, ആട് വളർത്തർ വീട്ടുവളപ്പിൽ വേറെയും.

കൂടുമത്സ്യക്കൃഷിയിലൂടെ നാട്ടുകാർക്ക്‌ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്‌ എൻജിനിയർ കൂടിയായ മൂത്തകുന്നം സ്വദേശിനി എം ബി സ്മിജ. പെരിയാറിലാണ് കൂടുകൃഷി നടത്തുന്നത്. പെരിയാർ ആക്ടിവിറ്റി ഗ്രൂപ്പ് എന്ന സ്വയം സഹായ സംഘത്തിന് നേതൃത്വം നൽകുന്നതും സ്മിജയാണ്. സിഎംഎഫ്ആർഐയുടെ പരിശീലനം നേടിയാണ് സ്മിജ കൂടുമത്സ്യക്കൃഷി ആരംഭിച്ചത്.

സ്ത്രീകളുടെ പങ്കാളിത്തത്തിൽ ധാരാളം കൂട്ടായ്മകൾ രൂപീകരിച്ച് കൂടുമത്സ്യക്കൃഷി വിപുലമാക്കാൻ സ്മിജയുടെ നേതൃപാടവത്തിനായി. അറുപതോളം കൂടുമത്സ്യക്കൃഷി യൂണിറ്റുകൾ സ്മിജയുടെ നേതൃത്വത്തിൽ പെരിയാറിൽ നടക്കുന്നു. മത്സ്യക്കൃഷി പരിശീലിപ്പിക്കാനും സ്മിജ സമയം കണ്ടെത്തുന്നു. സിഎംഎഫ്ആർഐ വനിതാ സെല്ലാണ്‌  വനിതാദിനത്തിൽ സ്മിജയെയും രാജിയെയും ആദരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top