23 December Monday

നൂലിഴകളിൽ ഓണനിറങ്ങൾ
ചാലിച്ച്‌ ചേന്ദമംഗലം കൈത്തറി

വി ദിലീപ്‌കുമാർUpdated: Sunday Sep 8, 2024

ഓണത്തിന്റെ ഐതിഹ്യം കസവിൽ നെയ്‌ത സാരി


പറവൂർ
കരവിരുതിന്റെ നൂലിഴകളിൽ ഓണനിറങ്ങൾ ചാലിച്ച്‌ നെയ്‌ത തുണിത്തരങ്ങളുമായി ഓണവിപണി പിടിക്കാനൊരുങ്ങി ചേന്ദമംഗലത്തിന്റെ കൈത്തറിപ്പെരുമ. ഡബിൾ മുണ്ടുകൾ, സെറ്റ്‌ മുണ്ടുകൾ, സാരികൾ എന്നിവയിൽ പുതുമയുമായാണ്‌ ഇക്കുറി വിപണി കീഴടക്കാനെത്തുന്നത്‌.

ഓണത്തിന്റെ ഐതിഹ്യം കളർ കോട്ടൺ കൈത്തറി സാരികളിൽ നെയ്തെടുത്തിരിക്കുകയാണ്‌ ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച്–-191.  മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നതിന്റെ ചിത്രീകരണമുള്ള സാരികൾ കാഴ്‌ചയിലും ആകർഷകം. നെയ്ത്തുകാരായ ബീന, ഉഷ, മോഹിനി, മനോഹരി എന്നിവരാണ് ഡിസൈൻ വർക്കുകൾ നിറഞ്ഞ ഇത്തരം സാരികൾ മെനഞ്ഞത്. മധുര സ്വദേശിയായ സുബ്രഹ്മണ്യനും മകൻ ബാലാജിയുമാണ്‌ മേൽനോട്ടം വഹിച്ചത്‌. 5000 രൂപയാണ്‌ വില. കഥകളിരൂപങ്ങൾ നിറഞ്ഞ സാരിയും തൊഴിലാളികളുടെ കരവിരുത്‌ തെളിയിക്കുന്നു. 4000 രൂപയാണ് വില. എല്ലാത്തരം കസവ് തുണിത്തരങ്ങളും ജക്കാർഡ് തറിയിലാണ് നെയ്യുന്നതെന്ന് സംഘം സെക്രട്ടറി പി വി അജിത്‌കുമാർ പറഞ്ഞു.

പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘം ഇ–-1 പുറത്തിറക്കിയ സാരികളെ ആകർഷകമാക്കുന്നത്‌ ചുവർചിത്ര മാതൃകയിലുള്ള നെയ്‌ത്തുവേലകളാണ്‌. 3000 മുതൽ 6000 വരെയാണ് വില. കോപ്പറും കസവും ചേർന്ന സാരികൾ, ഡബിൾ മുണ്ടുകൾ, സെറ്റ്‌ മുണ്ടുകൾ എന്നിവയും സംഘത്തിന്റേതായുണ്ടെന്ന്‌ സെക്രട്ടറി ഗിരീഷ് ആനാട്ട് പറഞ്ഞു.

വിവിധ നിറ കസവോടുകൂടിയ കേരള സാരികളാണ് പറവൂർ കൈത്തറി നെയ്ത്ത് സഹകരണ സംഘം–- 3428 ഓണവിപണിയിൽ ഇറക്കിയതെന്ന് പ്രസിഡന്റ്‌ ടി എസ് ബേബി പറഞ്ഞു. ഉത്സവനാളുകളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കൈത്തറിവസ്ത്രങ്ങൾ വിൽക്കുന്ന സംഘമെന്ന ഖ്യാതിയും ഇവർക്കാണ്‌. കൈത്തറിമേഖലയ്‌ക്ക്‌ കൈത്താങ്ങായ വിവിധ സ്കീമുകളും സർക്കാരിന്റെ 20 ശതമാനം റിബേറ്റുംകൂടിയാകുമ്പോൾ ഓണക്കാലം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ്‌ കൈത്തറി സംഘങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top