21 December Saturday

അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


അങ്കമാലി
അങ്കമാലി അർബൻ സഹകരണ സംഘത്തിൽ കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ മുൻ പ്രസിഡ​ന്റും കോൺഗ്രസ് നേതാവുമായിരുന്ന പി ടി പോളി​ന്റെ ഒന്നാം ചരമവാർഷികം കരിദിനമാക്കി നിക്ഷേപകർ പ്രതിഷേധിച്ചു. ആയിരത്തിൽപ്പരം നിക്ഷേപകരുടെ പണം കൊള്ളയടിക്കുന്നതിന് മുഖ്യകണ്ണിയായി പ്രവർത്തിച്ച പി ടി പോൾ, ദുരൂഹസാഹചര്യത്തിൽ ആലുവയിലെ ഹോട്ടൽമുറിയിൽവച്ചാണ് മരിച്ചത്.

അർബൻ സഹകരണ സംഘം നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിക്ഷേപകർ പട്ടണത്തിൽ കരിങ്കൊടികളുമായി പ്രകടനം നടത്തി. സംഘം ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു. സമിതി പ്രസിഡ​ന്റ് പി എ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡ​ന്റ് സി പി സെബാസ്റ്റ്യൻ അധ്യക്ഷനായി. സംഘത്തില്‍ നടത്തിയ അന്വേഷണത്തിൽ 96.75 കോടി രൂപയുടെ തട്ടിപ്പ് ഭരണസമിതി അംഗങ്ങളടക്കം നടത്തിയതായി കണ്ടെത്തി. 19 പേർക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. പി ടി പോളി​നൊപ്പം വ്യാജരേഖ ചമച്ച, സംഘത്തിലെ വായ്പ ചുമതലക്കാരന്‍ കെ ഐ ഷിജു ജയിലിലാണ്. തട്ടിപ്പിന് കൂട്ടുനിന്ന ജില്ലാ ജോയി​ന്റ് രജിസ്ട്രാറായിരുന്ന സജീവ് കർത്താ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും സ്വത്ത് കണ്ടുകെട്ടി ലേലം ചെയ്യണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധപരിപാടിയില്‍ സംരക്ഷണ സമിതി സെക്രട്ടറി യോഹന്നാൻ വി കൂരൻ, ജോയി​ന്റ് സെക്രട്ടറി പോൾ വടക്കുഞ്ചേരി, ടി കെ ചെറിയാക്കു തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top