കൊച്ചി
കൊച്ചി നഗരത്തിൽ സിറ്റി പൊലീസ് സെപ്‌തംബറിൽ രജിസ്‌റ്റർ ചെയ്‌തത് 137 മയക്കുമരുന്ന് കേസുകൾ. വിവിധ കേസുകളിലായി 153 പേരെ അറസ്റ്റ് ചെയ്‌തു. കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം ഡിസിപി കെ എസ് സുദർശന്‍, നാർക്കോട്ടിക് സെൽ എസിപി കെ എ അബ്‌ദുൾ സലാം എന്നിവരുടെ നേതൃത്വത്തിൽ നാല് എസ്‌ഐമാർ അടങ്ങുന്ന ഡാൻസാഫ് ടീമും കൊച്ചി സിറ്റി പൊലീസും ചേർന്നാണ് മയക്കുമരുന്ന് കേസുകൾ പിടിച്ചത്. പ്രതികളിൽനിന്ന് 52 കിലോ കഞ്ചാവും 83.89 ഗ്രാം എംഡിഎംഎയും പിടിച്ചു. കൊക്കെയ്‌ൻ, ബ്രൗൺ ഷുഗർ, ഹഷീഷ് ഓയിൽ, എക്സ്റ്റസി ഗുളിക ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു.
നഗരത്തിൽ മയക്കുമരുന്ന് വില്‍പ്പനക്കാരെ നിരീക്ഷിച്ചും ലോഡ്ജുകൾ, പാർക്കുകൾ, ഹോട്ടലുകൾ, രാത്രി തട്ടുകടകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയുമാണ് ഭൂരിഭാഗം കേസുകളും രജിസ്‌റ്റർ ചെയ്‌തത്. പിടിച്ചെടുത്ത പ്രതികളുടെ സ്വത്തും വാഹനങ്ങളും കണ്ടുകെട്ടാൻ നടപടിയെടുത്തിട്ടുണ്ട്. പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സബ്‌സ്‌റ്റൻസ് ആക്ട് പ്രകാരമുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..