21 December Saturday

തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024


കൊച്ചി
കുറ്റിച്ചെടികളും ഇലകളും പുല്ലും വൈക്കോലുംമാത്രം തിന്നിരുന്ന ഒട്ടകത്തിന് കേരളത്തിലെ തീറ്റ പാരയായി. ഓടിനടന്ന്‌ കിട്ടുന്നതെല്ലാം കഴിച്ച ഒട്ടകം തളർന്ന് അവശനായി. ഒടുവിൽ രക്ഷകരായി എത്തിയത്‌ എടവനക്കാട് വെറ്ററിനറി ആശുപത്രി സർജൻ ഡോ. അഖിൽരാഗും സംഘവും. ആലുവ ഉളിയന്നൂരിലെ അജ്മലിന്റെ അഞ്ചുവയസ്സുള്ള ആൺ ഒട്ടകത്തെ കുഴുപ്പിള്ളി ബീച്ച്‌ ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവന്നതാണ്‌. മൂന്നുദിവസംമുമ്പ്‌ അവൻ തളർന്നുവീണു. ക്ഷീണംമൂലം അവശനായ ഒട്ടകത്തിന് എഴുന്നേൽക്കാനോ നടക്കാനോ ആയിരുന്നില്ല. പരിചിതമല്ലാത്ത തീറ്റയും തീറ്റയിലുണ്ടായ വ്യതിയാനവുംമൂലം അസിഡോസിസ് എന്ന രോഗം പിടിപെടുകയായിരുന്നുവെന്ന് ഡോ. അഖിൽരാഗ് പറഞ്ഞു.

സാധാരണയായി ഒട്ടകങ്ങളുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും പുല്ല്, ഇലകൾ, കുറ്റിച്ചെടികൾ, ഉണക്ക ഇലകൾ, വൈക്കോൽ എന്നിവയാണ്. മേഞ്ഞുനടന്ന് ഇലകളുംമറ്റും ഉയരങ്ങളിൽനിന്നുപോലും തിരഞ്ഞുപിടിച്ച്‌ കഴിക്കാനാണ് അവ ഇഷ്ടപ്പെടുന്നത്. അതോടൊപ്പം വളരെ കുറഞ്ഞ അളവിൽ തീറ്റയും നൽകണം.
എന്നാൽ, ഈ ഒട്ടകത്തിന്‌ പെട്ടെന്ന് തീറ്റ മാറ്റിയതും കൂടുതൽ അളവിൽ പരിചിതമല്ലാത്ത തീറ്റ നൽകിയതുമാണ് അസുഖത്തിന് കാരണമായത്. മെഡിക്കൽസംഘം രക്തത്തിലൂടെ ഇലക്ട്രോലൈറ്റുകൾ, ആന്റിബയോട്ടിക്കുകൾ, ബികോംപ്ലക്‌സുകൾ മുതലായവ തുടർച്ചയായി രണ്ടുദിവസം നൽകി ചികിത്സിച്ചു. ഒടുവിൽ ക്ഷീണംമാറി ഒട്ടകം എഴുന്നേറ്റുനിന്നു.

പോഷകമൂല്യം വളരെ കുറവുള്ള ഉണങ്ങിയതും കൂടുതൽ നാരുകളടങ്ങിയതുമായ ഉണക്കപ്പുല്ല്, വൈക്കോൽ എന്നിവ ദഹിപ്പിക്കുന്ന രീതിയിലുള്ള നാല്‌ അറകളുള്ള ആമാശയമാണ് ഒട്ടകങ്ങൾക്കുള്ളത്. ഉയർന്ന പോഷകമൂല്യമുള്ളതും പെട്ടെന്ന് ദഹിക്കുന്നതുമായ ഖരാഹാരം അഥവാ മാർക്കറ്റിൽ ലഭിക്കുന്ന തീറ്റകൾ, കൂടുതൽ ധാന്യങ്ങൾ എന്നിവ  അമിതമായി കഴിച്ചത്‌ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിച്ചു. ചികിത്സയ്‌ക്കുശേഷം ഒട്ടകം ആരോഗ്യം വീണ്ടെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top