മൂത്തകുന്നം
വാഹനമിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരപരിക്ക്. വാവക്കാട് ചെറുള്ളിൽ നാണുക്കുട്ടനാണ് (82) വ്യാഴം പകൽ 11ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റത്. വീതികുറഞ്ഞ വണ്‍വേ റോഡില്‍ ഗവ. എല്‍പി സ്‌കൂളിനും ആശുപത്രിക്കും മുന്നിലൂടെ പിഡബ്ല്യുഡി കാന പണിയുന്നുണ്ട്. ഇതിനായി കുഴിയെടുത്തിട്ടുണ്ട്, നിര്‍മാണസാമഗ്രികള്‍ റോഡിനോടുചേര്‍ന്നാണ് ഇവിടെ കിടക്കുന്നത്.
കുര്യാപ്പിള്ളി കവലയിൽനിന്ന് മൂത്തകുന്നത്തേക്ക് പാലമിറങ്ങി റോഡിന് വലതുവശംചേർന്ന് നടന്നുവരുമ്പോൾ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് എതിർവശത്തുവച്ച് കാൽ തെന്നി നാണുക്കുട്ടൻ മറിഞ്ഞുവീണു. വീണ നാണുക്കുട്ടന്റെ ഇടതുകാലിലൂടെ കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ നാണുക്കുട്ടനെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളേജിലേക്കും മാറ്റി. മൂത്തകുന്നം കവലയിൽ ദിശാസൂചക ബോർഡുകൾ ഇല്ലാത്തത് വൻ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വടക്കുനിന്ന് വരുന്ന വാഹനങ്ങൾ വഴിതെറ്റി മാല്യങ്കര റോഡിലേക്കുള്ള ദേശീയപാതയിലേക്ക് കയറുന്നത് പതിവാണ്. ദേശീയപാത അധികൃതർ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കണമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) പറവൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..