മട്ടാഞ്ചേരി
ഫോർട്ട് കൊച്ചി ജലമെട്രോയ്ക്കുസമീപം യുവാവിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളുരുത്തി കട്ടത്തറപ്പറമ്പ് പുതിയവീട്ടിൽ അൽത്താഫ് ഗുലാബ് (29), ഫോർട്ട് കൊച്ചി കൊഞ്ചേരി കോളനി കണ്ണംപറമ്പിൽ ഫർസാദ് ഫൈസൽ മൊയ്‌തു (29) എന്നിവരെയാണ് ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധൻ രാത്രി ഏഴരയ്ക്കാണ് സംഭവം. ജലമെട്രോയ്ക്കുസമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം എടുക്കാൻ വന്നതാണ് പരാതിക്കാരൻ. ഈ സമയം വാഹനത്തിൽ ഇരിക്കുകയായിരുന്ന പ്രതികളോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്നുണ്ടായ തർക്കത്തിൽ പ്രതികൾ യുവാവിനെ ഉപദ്രവിക്കുകയായിരുന്നു. സമീപത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് യുവാവ് പരാതി പറഞ്ഞ് പ്രതികളെ കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ ഫർസാദ് കൈയിൽ കരുതിയിരുന്ന പെട്രോൾ പരാതിക്കാരന്റെ ദേഹത്തൊഴിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ പിടികൂടി. ഫോർട്ട് കൊച്ചി എസ്‌എച്ച്‌ഒ എം എസ് ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതികളെ കീഴ്പെടുത്തിയത്.
അൽത്താഫ് കൊച്ചി സിറ്റിയിലും മറ്റു ജില്ലകളിലുമായി ഇരുപതിലധികം കേസുകളിൽ പ്രതിയാണ്. ഫർസാദ് ഫൈസൽ മൊയ്‌തു മൂന്നു ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇരുവർക്കുമെതിരെ കാപ്പപ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..