27 December Friday

ആലുവ ആർഎംഎസ് പൂട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


ആലുവ
ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തപാൽവകുപ്പിന്റെ റെയിൽവേ മെയിൽ സർവീസ് (ആലുവ ആർഎംഎസ്) പൂട്ടുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ആലുവ ആർഎംഎസ് എറണാകുളത്തെ നാഷണൽ സോർട്ടിങ് ഹബ്ബിൽ ലയിക്കും.

2010 മേയിലെ നെറ്റ്‌വർക് ഒപ്ടിമൈസേഷൻ പ്രോഗ്രാം പ്രകാരം ആലുവ ആർഎംഎസ് ലെവൽ 2 വിഭാഗത്തിലാണ്. ഓർഡിനറി, രജിസ്‌റ്റേഡ്‌ തപാൽ ഉരുപ്പടികൾ തരംതിരിക്കുക, 24 മണിക്കൂർ സ്പീഡ് പോസ്റ്റ് ബുക്കിങ്‌, ഒരുമണിക്കൂർ രജിസ്റ്റേഡ് ബുക്കിങ്‌, പോസ്റ്റ് ഓഫീസ് സമയത്തിനുശേഷം തപാൽസേവനങ്ങൾ എന്നിവയാണ് ആലുവ ആർഎംഎസ് നൽകുന്നത്. ഇത്‌ പെരുമ്പാവൂർ, കോതമംഗലം, അങ്കമാലി, പറവൂർ മേഖലയിലെ ജനങ്ങൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു. ആലുവ, എറണാകുളം പോസ്റ്റൽ ഡിവിഷനുകളിലെ 220 പോസ്റ്റ് ഓഫീസുകളിലേക്കുള്ള തപാൽ ഉരുപ്പടികളുടെ വിതരണവും ഇവിടെനിന്നാണ്. വിവിധ ജില്ലകളിൽനിന്ന്‌ അയക്കുന്ന തപാലുകൾ തൊട്ടടുത്ത ദിവസംതന്നെ മേൽവിലാസക്കാരന് ലഭിക്കും.

പുതിയ ഉത്തരവോടെ ഓഫീസുകളിലേക്കുള്ള തപാൽവേഗം കുറയും. വ്യത്യസ്ത നിരക്കുകളുള്ള  രജിസ്റ്റേഡും സ്പീഡ് പോസ്റ്റും ഒരു സ്ഥലത്ത് ഒരേ രീതിയിൽ കൈകാര്യം ചെയ്യുന്നത് കൂടിയ നിരക്ക് നൽകുന്ന സ്പീഡ് പോസ്റ്റ് ഉപഭോക്താക്കൾക്ക്‌ തിരിച്ചടിയാകും. ആലുവ ആർഎംഎസ് ഇല്ലാതാകുന്നതോടെ 13 താൽക്കാലിക ജീവനക്കാർക്ക് ജോലിയും നഷ്ടപ്പെടും. 59 സ്ഥിരം ജീവനക്കാരെ സ്ഥലംമാറ്റും. ഓഫീസ് നിർത്താനുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ ജീവനക്കാർ പ്രക്ഷോഭത്തിലാണ്. ആലുവയിൽ ഇൻട്രാ സർക്കിൾ ഹബ്ബ് തുടങ്ങണമെന്നാവശ്യപ്പെട്ട്‌ എൻഎഫ്പിഇ നേതൃത്വത്തിൽ ജീവനക്കാർ സമരത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top