മൂവാറ്റുപുഴ
മൂവാറ്റുപുഴ മേഖലയിലെ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് ഒരുകോടി 10 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ പാടശേഖരങ്ങൾ തരിശുരഹിതമാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മൂവാറ്റുപുഴയിൽ ആദ്യഘട്ടം നടപ്പാക്കുന്നത്. സ്വന്തമായോ പാട്ടത്തിനോ കൃഷി ചെയ്യാന്‍ താൽപ്പര്യമുള്ളവർക്ക് എല്ലാ സഹായങ്ങളും നൽകും.
പാടശേഖരങ്ങളിലെ നീര്‍ച്ചാലുകള്‍ ശുചീകരിക്കുകയാണ് ആദ്യഘട്ട പ്രവർത്തനം. മൂവാറ്റുപുഴയിലെ മാറാടി, ആയവന, ആരക്കുഴ, ആവോലി, കല്ലൂർക്കാട്, വാളകം, പായിപ്ര, മഞ്ഞള്ളൂർ, പാലക്കുഴ പഞ്ചായത്തുകളിലെ വിവിധ തോടുകളുടെ ശുചീകരണ പ്രവർത്തനമാണ് ആദ്യം നടത്തുക. കാലവര്‍ഷം ശക്തമാകുന്നതിനുമുമ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ജില്ലാപഞ്ചായത്തും കൃഷിവകുപ്പും മേജർ ഇറിഗേഷൻ വകുപ്പും എൽഎസ്ജിഡി എൻജിനിയറിങ് വിഭാഗവുമായി ചേർന്നാണ് പദ്ധതികൾ പൂർത്തിയാക്കുക.
വാർത്താസമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, അംഗം ഷാന്റി എബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, പിറവം ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി എം ആശ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..